'തോക്കില്‍ കയറി വെടിവെക്കുന്നത് എന്തിന് ?' ; ശബരിമലയില്‍ വിശദീകരണവുമായി എംഎ ബേബി

ജനകീയ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്
എം എ ബേബി / ഫയല്‍ ചിത്രം
എം എ ബേബി / ഫയല്‍ ചിത്രം

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിലവിലെ സത്യവാങ്മൂലം തിരുത്തി, പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം നേതാവ് എംഎ ബേബി. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. കോടതി വിധി വന്നശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നാണ് സിപിഎം നിലപാടെന്ന് എംഎ ബേബി പറഞ്ഞു.

ജനകീയ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ശബരിമല വിഷയത്തില്‍ പ്രചാരണം ഉയര്‍ത്തുന്നത്. കേസ് കോടതിയിലാണ്. വിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിനും കോടതികള്‍ക്കും എന്തെല്ലാം അധികാര അവകാശങ്ങളുണ്ട്, എന്തെല്ലാം പരിമിതികളുണ്ട് എന്നെല്ലാം ദാര്‍ശനികമായും നിയമപരവുമായി സുപ്രീംകോടതി വിശാല ബെഞ്ച് പരിഗണിക്കാന്‍ ഇരിക്കുകയാണ്. 

ഈ സാഹചര്യത്തില്‍ സംസ്ഥാന നിയമസഭയില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടു വരുമെന്ന് പറയാനുള്ള മൗഢ്യമാണോ, ചങ്കൂറ്റമാണോ, ബുദ്ധിപരമായ സാഹസികതയാണോ ബുദ്ധു ശൂന്യതയാണോ യുഡിഎഫ് നടത്തുന്നതെന്ന് നിങ്ങള്‍ വിലയിരുത്തണമെന്ന് എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നാണ് എല്‍ഡിഎഫിന് പറയാനുള്ളത്. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പറഞ്ഞശേഷം മാത്രമേ എന്ത് പുതിയ കാര്യവും ഉത്ഭവിക്കുന്നുള്ളൂ. 

വിശാല ബെഞ്ച് വിധി വരുമ്പോള്‍ ഇടതു സര്‍ക്കാരാണ് അധികാരത്തില്‍ ഇരിക്കുന്നതെങ്കില്‍, ആ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന കാര്യം ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച ചെയ്യും. പാര്‍ട്ടി പരമായ വീക്ഷണമോ കാഴ്ചപ്പാടോ ബലംപ്രയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കുകയില്ല. സാമൂഹികമായ സമവായം ഉണ്ടാക്കാനാണ് ശ്രമിക്കുക. സുപ്രീംകോടതി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ല. പുതിയ സത്യവാങ്മൂലം നല്‍കുമെന്ന പ്രതാരണം എന്റെ കാഴ്ചപ്പാടോ പാര്‍ട്ടിയുടെ കാഴ്ചപ്പാടോ അല്ല. വളച്ചൊടിക്കലാണ് അത്. 

ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പറയുന്നത് മൗഢ്യമാണ്. മറ്റെന്തെങ്കിലും പ്രതികരണങ്ങള്‍ ഇപ്പോള്‍ നടത്തുന്നതും അകാലികവും അപ്രസക്തവും അനാവശ്യവുമാണ്. സുപ്രീംകോടതിയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കട്ടെ, എന്നിട്ട് അതിന്റെ നടപടിക്രമങ്ങള്‍ തീരുമാനിക്കട്ടെ, അപ്പോഴല്ലെ ഈ ചോദ്യങ്ങളെല്ലാം ഉത്ഭവിക്കുന്നത്. ഇപ്പോഴേ തോക്കില്‍ കയറി വെടിവെക്കുന്നത് എന്തിനാണ് ?. പുതിയ സത്യവാങ്മൂലം നല്‍കേണ്ട സാഹചര്യം വന്നാല്‍ എന്താകും നിലപാടെന്ന ചോദ്യത്തിനായിരുന്നു ബേബിയുടെ പ്രതികരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com