ചെന്നിത്തലയെ ഷാള്‍ അണിയിച്ചു, മുല്ലപ്പള്ളിക്കൊപ്പം ഫോട്ടോ ; പൊലീസുകാര്‍ക്കെതിരെ നടപടി ; സസ്‌പെന്‍ഷന്‍

ചെന്നിത്തലയുടെ പര്യടനം എറണാകുളത്ത് എത്തിയപ്പോഴാണ് സര്‍വീസിലുള്ള പൊലീസുകാര്‍  സ്വീകരണം നല്‍കിയത്
പൊലീസുകാര്‍ ചെന്നിത്തലയ്ക്ക് സ്വീകരണം നല്‍കുന്നു / ടെലിവിഷന്‍ ചിത്രം
പൊലീസുകാര്‍ ചെന്നിത്തലയ്ക്ക് സ്വീകരണം നല്‍കുന്നു / ടെലിവിഷന്‍ ചിത്രം

കൊച്ചി : ഐശ്വര്യ കേരള യാത്രയുമായി കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഷാൾ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി. ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ ചട്ടലംഘനം നടത്തി എന്ന റിപ്പോര്‍ട്ടിന്‍രെ അടിസ്ഥാനത്തിലാണ് നടപടി. 

മൂന്ന് എഎസ്‌ഐ മാര്‍ അടക്കം അഞ്ചു പൊലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.  എഎസ് ഐമാരായ ഷിബു ചെറിയാന്‍ (കണ്‍ട്രോള്‍ റൂം), ജോസ് ആന്റണി (ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ്), ബിജു (കല്ലൂര്‍ക്കാട് പൊലീസ് സ്‌േറ്റഷന്‍)സിപിഒമാരായ സില്‍ജന്‍ (ഡോഗ് സ്‌ക്വാഡ് കളമശ്ശേരി), ദിലീപ് സദാനന്ദന്‍ (തൃപ്പൂണിത്തുറ ക്യാമ്പ്) എന്നിവര്‍ക്കെതിരെയാണ് നടപടി. 

കൊച്ചി സിറ്റി പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്  കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുമ്പ് ജില്ലയില്‍ പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആയിരുന്നു ഇവര്‍. 

ചെന്നിത്തലയുടെ പര്യടനം എറണാകുളത്ത് എത്തിയപ്പോഴാണ് സര്‍വീസിലുള്ള പൊലീസുകാര്‍  ചട്ടവിരുദ്ധ സ്വീകരണം നല്‍കിയത്. വ്യാഴാഴ്ച രാത്രി എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് പൊലീസുകാര്‍ നേതാക്കളെ കണ്ടത്. കൊച്ചി സിറ്റി ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൊലീസുകാര്‍ക്ക് വിനയായത്.

അതേസമയം ഡ്യൂട്ടി സമയം കഴിഞ്ഞ് പോലീസുകാര്‍ നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവിനെ കാണുന്നതില്‍ തെറ്റില്ലെന്നുമാണ് സേനയിലെ യു.ഡി.എഫ്. അനുകൂലികള്‍ അഭിപ്രായപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com