പിണറായി ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവ് ; ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ല; ചെന്നിത്തല വിവാദം പെരുപ്പിക്കാന്‍ മിടുക്കനെന്ന് ഒ രാജഗോപാല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 10:44 AM |
Last Updated: 13th February 2021 10:44 AM | A+A A- |
പിണറായി വിജയന്‍, ഒ രാജഗോപാല്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രശംസിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. പിണറായി വിജയന്‍ സാധാരണക്കാരില്‍ നിന്ന് വളര്‍ന്നു വന്ന ആളാണ്. ജനങ്ങളുടെയും നാടിന്റെയും ആവശ്യങ്ങളറിയുന്ന ആളാണ്. മുമ്പ് ഭരണത്തില്‍ ഉണ്ടായിരുന്നപ്പോഴും പിണറായി നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. കൈരളി ടിവിയുടെ അഭിമുഖ പരിപാടിയിലാണ് രാജഗോപാലിന്റെ പ്രതികരണം.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിനെക്കാള്‍ തീര്‍ച്ചയായും മെച്ചമാണ്. ഈ സര്‍ക്കാരില്‍ പ്രതിബദ്ധതയുള്ളവരാണ് കൂടുതലും. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഭാഗ്യാന്വേഷികളായിരുന്നു കൂടുതല്‍. പ്രതിപക്ഷത്തിന് കൂട്ടായ നിലപാടില്ല. പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തനമില്ല. രമേശ് ചെന്നിത്തല ഏത് വിവാദവും പെരുപ്പിക്കാന്‍ മിടുക്കനാണെന്നും രാജഗോപാല്‍ പറഞ്ഞു.
ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. മതവും വിശ്വാസവുമല്ല, വികസനമാണ് തെരഞ്ഞെടുപ്പില്‍ വിഷയമാകേണ്ടത്. ശബരിമല വിഷയം വിശ്വാസികളുടെ കാര്യമാണ്. വിശ്വാസ കാര്യത്തില്‍ ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകണം.
യുഡിഎഫിന്റെ ശബരിമല കരട് ബില്ല് സര്‍ക്കാരിനെതിരായ വടി മാത്രമാണ്. അത് ആത്മാര്‍ഥമായ സമീപനമല്ല. ശബരിമലയെക്കുറിച്ച് ഒരു സമീപനവും യുഡിഎഫിനില്ല. ശബരിമല പ്രശ്‌നത്തില്‍ യുഡിഎഫിന് ആത്മാര്‍ഥതയില്ലെന്ന് എന്‍എസ്എസും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എക്കാലവും കോണ്‍ഗ്രസിനോട് അടുത്ത് നിന്ന സംഘടനയാണ് എന്‍എസ്എസ്. എന്നാല്‍ ശബരിമല വിഷയത്തില്‍ അവര്‍ക്ക് പോലും കോണ്‍ഗ്രസിനോട് യോജിക്കാന്‍ കഴിയുന്നില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.