ഷട്ടർ തകർത്ത് അകത്തുകയറി, മോഷണത്തിന് ശേഷം കടയിലിരുന്ന് പഴവും പൈനാപ്പിളും അകത്താക്കി; കള്ളനെക്കൊണ്ട് പൊറുതിമുട്ടി പരവൂരിലെ വ്യാപാരികൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 07:31 AM |
Last Updated: 13th February 2021 07:31 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: പരവൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ വീണ്ടും കള്ളന്റെ ശല്യം. നഗരത്തിലെ മൂന്നു കടകളിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. മാർക്കറ്റ് റോഡിലെ രണ്ട് പച്ചക്കറി കടകളിലും മാർക്കറ്റിനുള്ളിലെ ഒരു വെറ്റക്കടയിലുമാണ് കള്ളൻ കയറിയത്.
ജനാലയും, ഷട്ടറും തകർത്ത് അകത്തുകയറിയ കള്ളൻ ശവലിപ്പിൽ നിന്ന് പണമെടുക്കുന്നത് ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മറ്റൊരു കടയിലെ ക്യാമറ പേപ്പർ കൊണ്ട് മറച്ച ശേഷമായിരുന്നു മോഷണം. മോഷണത്തിനു ശേഷം കടയിൽ നിന്ന് പഴവും പൈനാപ്പിളും കൂടികഴിച്ച ശേഷമായിരുന്നു കള്ളൻറെ മടക്കം.
ഇതിനു മുൻപും പരവൂർ മാർക്കറ്റിനുള്ളിലും സമീപ വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നിരുന്നു. മാർക്കറ്റിനുള്ളിലെ കടയിൽ നിന്നും സാധനങ്ങളും, മത്സ്യവും മോഷണം പോയത് മാസങ്ങൾക്ക് മുൻപാണ്. നഗരസഭ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.