ആഴമുള്ള പാറമടയിൽ നിന്ന് ഇത്ര വേ​ഗം എങ്ങനെ കണ്ടെത്തി? കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ‍

സിസ്റ്ററെ കാണാനില്ലെന്ന് പരാതി നൽകി ഒരു മണിക്കൂറിനുള്ളിലാണ് മൃതദേഹം കണ്ടെത്തുന്നത്
സിസ്റ്റർ ജസീന
സിസ്റ്റർ ജസീന

കൊച്ചി; വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. സെന്‍റ് തോമസ് ഡിഎസ്ടി കോൺവെന്‍റ് അന്തോവാസിയായ സിസ്റ്റർ ജസീനയെയാണ് ഇന്നലെ രാത്രിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. സിസ്റ്ററെ കാണാനില്ലെന്ന് പരാതി നൽകി ഒരു മണിക്കൂറിനുള്ളിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഇതാണ് നാട്ടുകാരിൽ സംശയം ഉയർത്തുന്നത്. 

ആഴമുള്ള പാറമടയിൽ നിന്ന് എങ്ങനെയാണ് ഇത്രപെട്ടെന്ന് മ‌ൃതദേഹം കണ്ടെത്തിയത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതിനിടെ കന്യാസ്ത്രീയുടെ മൃതദേഹത്തിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മജിസ്റ്റീരിയൽ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു.

45വയസ്സുള്ള സിസ്റ്റർ ജസീനയെ മഠത്തിൽ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് മഠം അധികാരികൾ പൊലീസിൽ പരാതി നൽകിയത്. പരാതി നൽകി ഒരു മണിക്കൂറിനുള്ളിൽ തന്നെ സിസ്റ്ററിന്‍റെ മൃതദേഹം മഠത്തിന് തൊട്ടടുത്തുള്ള പാറമടയിലെ കുളത്തിൽ കണ്ടെത്തി. സിസ്റ്റർ ജസീന 10വർഷമായി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നത് വ്യക്തമാക്കിയാണ് മഠം അധികൃതർ പരാതി നൽകിയത്. എന്നാൽ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന വിവരം അറിയില്ലെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. 

മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാൽ ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള തുടർനടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോ‍ർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com