ഉമ്മന്‍ചാണ്ടിയാക്കണോ പിണറായി വിജയനെ ? : എ വിജയരാഘവന്‍

സംസ്ഥാനത്തുടനീളം കലാപങ്ങള്‍ ഉണ്ടാക്കി തെരഞ്ഞെടുപ്പിന് മുമ്പ് തെരുവില്‍ ചോരപ്പുഴ ഉണ്ടാക്കാനാണ് ലക്ഷ്യമിട്ടത്
എ വിജയരാഘവന്‍ / ടെലിവിഷന്‍ ചിത്രം
എ വിജയരാഘവന്‍ / ടെലിവിഷന്‍ ചിത്രം

കോഴിക്കോട് : ചെയ്യാന്‍ കഴിയാത്ത കാര്യത്തിന്റെ പേരില്‍ സമരം നടത്തുന്നവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് നമുക്ക് പരിഹാരം കാണാന്‍ കഴിയുമോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റില്‍പ്പെട്ടവരാണ് സമരം നടത്തുന്നത്. ചര്‍ച്ച നടത്തുക എന്നു പറഞ്ഞാല്‍ പോസ്റ്റീവായ റിസള്‍ട്ട് ഉണ്ടാകണം.

അല്ലാതെ ഉമ്മന്‍ചാണ്ടിയെപ്പോലെ എല്ലാവരുമായും ചര്‍ച്ച നടത്തിയശേഷം ഒന്നും ചെയ്യാതെ പറ്റിക്കണോ ?. ചര്‍ച്ച നടത്തി സമരക്കാരെ പറ്റിക്കാനില്ല. ആളുകളെപ്പറ്റിക്കുന്ന ഉമ്മന്‍ചാണ്ടി ഫോര്‍മുല പിണറായി വിജയന്‍ ചെയ്യില്ല. കേന്ദ്രത്തില്‍ നിയമനനിരോധനം നിലനില്‍ക്കുമ്പോള്‍, കേരളത്തില്‍ നിയമന നിരോധനമില്ല. പ്രതിരോധ വകുപ്പിലും റെയില്‍വേയിലുമെല്ലാം ആയിരക്കണക്കിന് ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോള്‍ എന്തുകൊണ്ടാണ് ചെന്നിത്തലയും മറ്റും അതിനെതിരെ പ്രതികരിക്കാത്തതെന്നും വിജയരാഘവന്‍ ചോദിച്ചു.

രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പന്തലും കെട്ടി കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റുകാര്‍ നടത്തുന്ന സമരപ്പന്തലിന് അപ്പുറത്ത് ഇരിക്കുന്നതിന്റെ യുക്തി പിഎസ് സി ക്കാരെ സഹായിക്കലല്ല എന്ന് വ്യക്തമാണ്. ഇന്നലെ സമരം നടന്നപ്പോഴത്തെ ലക്ഷ്യമെന്തായിരുന്നു. ആദ്യം പൊലീസിനെ ആക്രമിച്ചു. അപ്പോള്‍ പൊലീസ് പ്രതികരിക്കും. പൊലീസുകാര്‍ പ്രതികരിക്കുന്നത് ബോര്‍ഡു നോക്കിയായിരിക്കല്ലല്ലോ.

തൊട്ടടുത്ത് പിഎസ് സിയിലെ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിലെ സമരക്കാര്‍ നടത്തുന്ന സമരത്തെ പൊലീസ് തല്ലിത്തകര്‍ത്തു എന്ന വാര്‍ത്ത സൃഷ്ടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിട്ടത്. ആസൂത്രീത നീക്കമാണ് നടത്തിയത്. ആസൂത്രിത കലാപം തലസ്ഥാനത്തുണ്ടാക്കുക. അനുബന്ധ കലാപങ്ങള്‍ സംസ്ഥാനത്തുടനീളം ഉണ്ടാക്കി തെരഞ്ഞെടുപ്പിന് മുമ്പ് തെരുവില്‍ ചോരപ്പുഴ ഉണ്ടാക്കാനാണ് ലക്ഷ്യമിട്ടത്. ഭദ്രമായ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ലക്ഷ്യം. യുഡിഎഫ് അക്രമത്തില്‍ നിന്നും പിന്തിരിഞ്ഞ്, ജനാധിപത്യ രീതിയിലേക്ക് തിരിച്ചു വരണമെന്ന് വിജയരാഘവന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പോരായ്മ ചൂണ്ടിക്കാണിക്കാനില്ലാത്തതുകൊണ്ടാണ് യുഡിഎഫ് അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞത്. ഏറ്റവും അവസാനത്തെ കയ്യായിരുന്നു കാലാവധി കഴിഞ്ഞ ഒന്നോ രണ്ടോ റാങ്ക് ലിസ്റ്റിലെ ആളുകളെ സംഘടിപ്പിച്ച് സമരം നടത്തുകയെന്നത് എന്നും വിജയരാഘവന്‍ പറഞ്ഞു. അമേരിക്കന്‍ കമ്പനിക്ക് കേരള തീരത്ത് മല്‍സ്യ ബന്ധനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി എന്ന ചെന്നിത്തലയുടെ ആരോപണം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, നിയമവിരുദ്ധമായി ഒന്നും നടക്കില്ല എന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com