യുഡിഎഫ് വന്നാല്‍ മുഖ്യമന്ത്രി ശശി തരൂര്‍ ? ; ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കും

തരൂരിനെ മുന്നില്‍ നിര്‍ത്തുന്നതിലൂടെ, യുവാക്കളെ അടക്കം ആകര്‍ഷിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍
ശശി തരൂര്‍ /ഫയല്‍ ചിത്രം
ശശി തരൂര്‍ /ഫയല്‍ ചിത്രം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം ലഭിച്ചാല്‍ ശശി തരൂര്‍ മുഖ്യമന്ത്രിയായേക്കും. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസിനുള്ളില്‍ ചേരി തിരിഞ്ഞുള്ള ഗ്രൂപ്പ് യുദ്ധത്തിന് വഴിയൊരുങ്ങും. ഉമ്മന്‍ചാണ്ടി- രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് രംഗത്തു വരാന്‍ സാധ്യതയേറെയാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി ശശി തരൂരിന്റെ പേര് ഉയരുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെറും എംഎല്‍എ ആയി ഇരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. മാത്രമല്ല മറ്റൊരു അവസരം ലഭിക്കല്‍ ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരവുമാണ്. അതേസമയം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തിളങ്ങിയ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ടതാണെന്ന് ഐ ഗ്രൂപ്പും നിലപാടെടുക്കും.

ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ശശി തരൂരിനെ നേതൃസ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. ഹൈക്കമാന്‍ഡ് നിര്‍ദേശം, കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് അംഗീകരിക്കേണ്ടി വരും. സംസ്ഥാനത്തെ ഗ്രൂപ്പ് അതിപ്രസരം ഇല്ലാതാക്കാന്‍ തരൂരിനെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ കഴിയുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.

തരൂരിനെ മുന്നില്‍ നിര്‍ത്തുന്നതിലൂടെ, യുവാക്കളെ അടക്കം ആകര്‍ഷിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് പ്രകടനപത്രിക തയ്യാറാക്കലിന്റെ ചുമതല ഹൈക്കമാന്‍ഡ് ഇടപെട്ട് ശശി തരൂരിന് നല്‍കിയത്.

നിലവില്‍ തിരുവനന്തപുരത്തു നിന്നുള്ള ലോക്‌സഭാംഗമാണ് ശശി തരൂര്‍. 2009 ലാണ് ശശി തരൂര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. അക്കാലം മുതല്‍ തിരുവനന്തപുരത്തു നിന്നുള്ള എംപിയാണ് അദ്ദേഹം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സി ദിവാകരനെയാണ് തരൂര്‍ പരാജയപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com