തിരുവഞ്ചൂരിന്റെ ഹാട്രിക് സ്വപ്നം തടയാന്‍ പുതുമുഖം ?; എതിരാളിയായി അനില്‍കുമാര്‍ വരും

ഒരു പതിറ്റാണ്ടായി യുഡിഎഫ് പാളയത്തിലേക്ക് മാറിയ കോട്ടയത്തെ വീണ്ടും ചുവപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. അനില്‍കുമാര്‍ / ഫയല്‍
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. അനില്‍കുമാര്‍ / ഫയല്‍

കോട്ടയം : ഒരിക്കല്‍ സിപിഎമ്മിന്റെ അഭിമാന കോട്ടയായിരുന്നു കോട്ടയം. മന്ത്രിമണ്ഡലമെന്ന് അറിയപ്പെടുന്ന കോട്ടയത്തു നിന്നും നിരവധി പ്രമുഖരാണ് നിയമസഭയിലെത്തിയത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും സംസ്ഥാന ആഭ്യന്തരമന്ത്രിയുമായിരുന്ന ടി കെ രാമകൃഷ്ണന്‍ മൂന്നു തവണയാണ് കോട്ടയത്തു നിന്നും വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുഡിഎഫ് പാളയത്തിലേക്ക് മാറിയ കോട്ടയത്തെ വീണ്ടും ചുവപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. 

കോട്ടയം മണ്ഡലത്തില്‍ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ 10 തവണയും ഇടതുപക്ഷത്തിനായിരുന്നു വിജയം. നാലു തവണ മാത്രമാണ് യുഡിഎഫിനെ വരിച്ചത്. ഒരു തവണ സ്വതന്ത്രനും വിജയിച്ചു. കഴിഞ്ഞ രണ്ടു ടേമായി കോണ്‍ഗ്രസിന്റെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോട്ടയത്തിന്റെ എംഎല്‍എ. 

1957 ല്‍ നടന്ന കോട്ടയത്തെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി ഭാസ്‌കരന്‍ നായരാണ് വിജയിച്ചത്. മണ്ഡലത്തിലെ രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ എം പി ഗോവിന്ദന്‍ നായര്‍ ആര്‍ ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി. 1982 ല്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ എം എബ്രഹാമിനെ തോല്‍പ്പിച്ച് എസ്ആര്‍പിയുടെ പിന്തുണയോടെ സ്വതന്ത്രന്‍ എന്‍ ശ്രീനിവാസന്‍ വിജയിച്ചു. അദ്ദേഹം കരുണാകരന്‍ സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയാകുകയും ചെയ്തു. 

1987, 1991, 1996 കാലയളവിലാണ് ടി കെ രാമകൃഷ്ണന്‍ കോട്ടയത്തു നിന്നും വിജയിക്കുന്നത്. എന്നാല്‍ 2001 ല്‍ കോണ്‍ഗ്രസിന്റെ മേഴ്‌സി രവി സിപിഎമ്മിലെ വൈക്കം വിശ്വനെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചു പിടിച്ചു. 2006 ല്‍ വി എന്‍ വാസവന്‍ 482 വോട്ടിന് വീണ്ടും ഇടതുപക്ഷത്തെത്തിച്ചു. കോണ്‍ഗ്രസിലെ അജയ് തറയിലിനെയാണ് പരാജയപ്പെടുത്തിയത്.  2011 ല്‍ വാസവനെ തോല്‍പ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തെ വീണ്ടും യുഡിഎഫിലേക്ക് അടുപ്പിച്ചു. 2016 ലും തിരുവഞ്ചൂര്‍ മണ്ഡലം നിലനിര്‍ത്തുകായയിരുന്നു. 

കോട്ടയത്ത് ഇത്തവണ ജില്ലാ സെക്രട്ടറി വി എന്‍ വാസവനെയും, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ അനില്‍കുമാറിനെയുമാണ് സിപിഎം പരിഗണിക്കുന്നത്. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിഐടിയു കോട്ടയം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ  കോട്ടയം മുന്‍ ജില്ലാ സെക്രട്ടറി, എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ്, കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com