ഡ്രൈ റണ്ണിന് തുടക്കം ; വാക്‌സിന്‍ ഒന്നോ രണ്ടോ ദിവസത്തിനകം, കേരളം പൂര്‍ണ്ണ സജ്ജമെന്ന് ആരോഗ്യമന്ത്രി

വിദഗ്ധ സമിതി അനുമതി നല്‍കിയ കോവി ഷീല്‍ഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമെന്ന് ആരോഗ്യമന്ത്രി
മന്ത്രിയുടെ സാന്നിധ്യത്തില്‍ ഡ്രൈ റണ്‍ നടത്തുന്നു / ഫെയ്‌സ്ബുക്ക് ചിത്രം
മന്ത്രിയുടെ സാന്നിധ്യത്തില്‍ ഡ്രൈ റണ്‍ നടത്തുന്നു / ഫെയ്‌സ്ബുക്ക് ചിത്രം

ന്യൂഡല്‍ഹി : വാക്‌സിന്‍ കുത്തിവെപ്പിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ രാജ്യത്ത് ആരംഭിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി തെരഞ്ഞെടുത്ത 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ പുരോഗമിക്കുന്നത്. രാവിലെ 9 മുതല്‍ 11 വരെയാണ് വാക്‌സിന്‍ റിഹേഴ്‌സല്‍. കേരളത്തില്‍ നാലു ജില്ലകളിലെ ആറ് ആശുപത്രികളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. 

തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണിത്. തിരുവനന്തപുരം (കാട്ടാക്കട പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ മാതൃകാ ആശുപത്രി-പേരൂര്‍ക്കട, കിംസ് ആശുപത്രി), ഇടുക്കി (വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം), പാലക്കാട് (നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം), വയനാട് (കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം) എന്നിവയാണ് ഡ്രൈ റണ്‍ നടക്കുന്ന ആശുപത്രികള്‍. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും. 

പേരൂര്‍ക്കടയില്‍ ഡ്രൈ റണ്‍ നടക്കുന്ന ആശുപത്രിയില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എത്തി. വിദഗ്ധ സമിതി അനുമതി നല്‍കിയ കോവി ഷീല്‍ഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ രണ്ടോ മൂന്നോ ദിവസത്തിനകം എത്തുമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. ചിട്ടയായ വാക്‌സിന്‍ വിതരണത്തിന് കേരളം സജ്ജമെന്നും മന്ത്രി പറഞ്ഞു. 

ഇന്നു നടക്കുന്ന വാക്‌സീന്‍ വിതരണ റിഹേഴ്‌സല്‍ (ഡ്രൈ റണ്‍) പൂര്‍ണവിജയമായാല്‍ കുത്തിവയ്പ് ബുധനാഴ്ച ആരംഭിക്കുമെന്നാണു സൂചന. 5 കോടിയോളം ഡോസ് വാക്‌സീന്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന വിദഗ്ധ സമിതിയാണ് ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന 'കോവിഷീല്‍ഡ്' വാക്‌സീന്‍ അടിയന്തര ഉപയോ?ഗത്തിന് അനുമതി നല്‍കിയത്. 

കേരളത്തില്‍ ആദ്യഘട്ടം 3.13. ലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തി വെയ്പ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണു വാക്‌സീന്‍ നല്‍കുക. കേരളത്തില്‍ ഈ വിഭാഗത്തില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 3.13 ലക്ഷം പേര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com