അവർ കണ്ടത് തെരുവുനായ്ക്കൾ കടിച്ചു കുടയുന്ന നായക്കുട്ടിയെ, രക്ഷിക്കാനായി മുഖ്യമന്ത്രിയെ വിളിച്ച് നാലു കുട്ടികൾ; സംഭവിച്ചത്

കോഴിക്കോട് ഉള്ളിയേരി സൗത്തിലെ നാല് കുഞ്ഞുങ്ങളാണ് നായകുട്ടിയുടെ ജീവൻ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്; തെരുവു നായയുടെ അക്രമണത്തിന് ഇരയായി ​ഗുരുതരാവസ്ഥയിലായ നായക്കുട്ടിയെ രക്ഷിക്കാൻ മുഖ്യമന്ത്രിയെ വിളിച്ച് നാല് കുഞ്ഞുങ്ങൾ. കോഴിക്കോട് ഉള്ളിയേരി സൗത്തിലെ നാല് കുഞ്ഞുങ്ങളാണ് നായകുട്ടിയുടെ ജീവൻ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ നടപടിയുണ്ടായി. അങ്ങനെ മരണാസന്നനായ നായക്കുട്ടി ജീവിതത്തിലേക്ക് മടങ്ങി. 

പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാറാത്ത് എയുപി സ്‌കൂളിലുമായി പഠിക്കുന്ന അനന്ദുദേവ്, ദീജു ദിനേശ്, അക്ഷയ്, ആദര്‍ശ് എന്നിവരാണ് കഥയിലെ ഹീറോ. കഴിഞ്ഞദിവസമാണ് ഇവർ വൈകിട്ട് അഞ്ചു മണിയോടെ രണ്ടുമാസം പ്രായമുള്ള നായക്കുട്ടിയെ തെരുവുനായകള്‍ കടിച്ചു കുടയുന്നത് കണ്ടത്.  ശരീരമാസകലം മുറിവേറ്റ നായക്കുട്ടിയെ ഇവര്‍ തെരുവുനായകളില്‍നിന്നു രക്ഷിച്ചെങ്കിലും എന്തുചെയ്യണം എന്നറിയില്ലായിരുന്നു. ഉടനെ അനന്ദു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. 

പരാതി ശ്രദ്ധയോടെ കേട്ട മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ വിവരങ്ങളെല്ലാം കുറിച്ചെടുത്തു. ഉടനെ പരിഹാരമുണ്ടാകുമെന്നും കാത്തിരിക്കാനും കുട്ടികളോടു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു ജില്ലാ മൃഗ സംരക്ഷണ ഓഫിസിലേക്ക് അപ്പോള്‍ തന്നെ വിവരം എത്തി. അവിടെനിന്നു പഞ്ചായത്ത് സെക്രട്ടറിയെയും പ്രസിഡന്റിനേയും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉടനെ സംഭവ സ്ഥലത്തെ  വാര്‍ഡു മെമ്പറെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പ്രദേശത്തെ പൊതു പ്രവര്‍ത്തകരെയും കൂട്ടി മെമ്പർ സ്ഥലത്തെത്തുമ്പോള്‍ നായക്കുട്ടി മരണാസന്നനായിരുന്നു.

ഉടനെ കാറില്‍ കൊയിലാണ്ടിയിലെ താലൂക്ക് മൃഗാശുപത്രിയില്‍ എത്തിച്ചു. മുറിവുകളില്‍ തുന്നലിടുകയും അടിയന്തര ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തതോടെ നായക്കുട്ടിക്കു പുതുജീവന്‍ കിട്ടി. നായക്കുട്ടിയെ കുട്ടികള്‍ തന്നെയാണു പരിചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com