എന്‍സിപിയിലെ കലഹം ; ഏ കെ ശശീന്ദ്രന്‍ ഡല്‍ഹിയിലേക്ക് ; 'വല വിരിച്ച്' കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2021 09:05 AM  |  

Last Updated: 04th January 2021 09:05 AM  |   A+A-   |  

saseendran

 

തിരുവനന്തപുരം : പാല സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ എന്‍സിപി ഇടഞ്ഞുനില്‍ക്കുന്നതിനിടെ, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി മന്ത്രി എ കെ ശശീന്ദ്രന്‍ ഡല്‍ഹിയ്ക്ക് പോകുന്നു. പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേലുമായി ശശീന്ദ്രന്‍ നാളെ കൂടിക്കാഴ്ച നടത്തും. മറ്റന്നാള്‍ മുംബൈയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായും ശശീന്ദ്രന്‍ ചര്‍ച്ച നടത്തും. 

ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോള്‍ എന്‍സിപിക്ക് ഇല്ലെന്നാണ് ശശീന്ദ്രന്‍ വ്യക്തമാക്കിയത്. പാലായില്‍ മത്സരിച്ച് വന്നത് എന്‍സിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണ്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നും എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ, എല്‍ഡിഎഫില്‍ ഇടഞ്ഞുനില്‍ക്കുന്ന എന്‍സിപിയെ വലയിലാക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടരുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉടന്‍ എന്‍സിപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. പാല അടക്കം അഞ്ചു സീറ്റുകള്‍ യുഡിഎഫ് വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലയില്‍ മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാണെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.