നായ കുറുകെ ചാടി, നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു ; വാഹനത്തിന് അടിയിൽപ്പെട്ട് വനിതാ ഡ്രൈവർ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 02:23 PM |
Last Updated: 12th January 2021 02:23 PM | A+A A- |
പ്രതീകാത്മക ചിത്രം
കോട്ടയം : തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. കരുനെച്ചി ശങ്കരാശ്ശേയിൽ വിജയമ്മ (54) ആണ് മരിച്ചത്. വെളിയന്നൂർ–മംഗലത്താഴം റോഡിൽ പടിഞ്ഞാറ്റെപ്പീടിക ഭാഗത്തു വെച്ചാണ് അപകടം ഉണ്ടായത്. ഉഴവൂർ ടൗൺ സ്റ്റാൻഡിൽ 6 വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന ആളാണ് വിജയമ്മ.
രാവിലെ ഉഴവൂരിൽ നിന്നു 2 അതിഥി തൊഴിലാളികളെ കയറ്റി കൂത്താട്ടുകുളം ഭാഗത്തേക്കു പോകുമ്പോഴായിരുന്നു അപകടം. പടിഞ്ഞാറ്റെപ്പീടിക ഭാഗത്തു എത്തിയപ്പോൾ നായ കുറുകെ ചാടി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. റോഡിൽ തെറിച്ചു വീണ വിജയമ്മയുടെ ദേഹത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞു വീഴുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓട്ടോയിൽ യാത്ര ചെയ്ത അതിഥി തൊഴിലാളികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വിജയമ്മയുടെ ഭർത്താവ് സോമൻ പെയിന്റിങ് തൊഴിലാളിയാണ്. രണ്ടു മക്കളുണ്ട്.