ശബരിമലയില്‍ ഈ വര്‍ഷം എത്തിയത് 1,32,673 പേര്‍ മാത്രം; വരുമാന നഷ്ടം 500 കോടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 05:49 PM |
Last Updated: 13th January 2021 05:49 PM | A+A A- |

ശബരിമല (ഫയല്‍ ചിത്രം)
തിരുവനന്തപുരം: ശബരിമലയില്‍ ഈ വര്‍ഷം ദര്‍ശനത്തിനായി എത്തിയത് 1,32,673 പേരെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുവരെയുള്ള വരുമാനം 16 കോടി 30 ലക്ഷം രൂപയാണ്. മകരവിളക്ക് കാലത്ത് മാത്രം 6 കോടി 34 ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷം മകരവിളക്ക് കാലത്ത് മാത്രം വരുമാനം 60 കോടി ആയിരുന്നു വരുമാനം. മണ്ഡലകാലത്ത് വരുമാനം കഴിഞ്ഞ പ്രാവശ്യത്തെ 6 ശതമാനം മാത്രമാണ് കിട്ടിയത്. ദേവസ്വം ബോര്‍ഡിന് 500 കോടിയുടെ സഞ്ചിത നഷ്ട്ടം മാര്‍ച്ച് മുതല്‍ ഉണ്ടായിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍.വാസു പറഞ്ഞു.
ശബരിമലയില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞതോടെ നിത്യചിലവിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ സഹായം തേടി. ശബരിമലയുടെ വരുമാനം കഴിഞ്ഞ വര്‍ഷവുമായി താരത്മ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വെറും ആറ് ശതമാനം മാത്രമാണ്. ഇതോടെ ദേവസ്വം ബോര്‍ഡിന് കീഴിലെ മറ്റു ക്ഷേത്രങ്ങള്‍ കൂടി സാമ്പത്തിക പ്രതിസന്ധിയിലായി ഈ സാഹചര്യത്തിലാണ് ബോര്‍ഡ് സര്‍ക്കാര്‍ സഹായം തേടിയത്. നൂറ് കോടി രൂപയാണ് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമലയില്‍ ഈ സീസണില്‍ ഇതുവരെ വരുമാനം 15 കോടിയാണ്. മാസപൂജക്ക് കൂടുതല്‍ ദിവസം നട തുറക്കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ തന്ത്രി ഉള്‍പ്പടെ ഉള്ളവരുമായി ആലോചിച്ച് തീരുമാനമെടുക്കും. നാളെ ശബരിമലയിലേക്ക് വരുന്ന 5000 പേര്‍ക്ക് മകരജ്യോതി കഴിയുന്നത് വരെ സന്നിധാനത്ത് തുടരാന്‍ അനുമതി നല്‍കും.