'കേരളം സ്വതന്ത്ര റിപ്പബ്ലിക്ക് അല്ല സഖാവെ'; പിണറായിയോട് വി മുരളീധരന്‍

അഴിമതി മറയ്ക്കാന്‍ ഫെഡറലിസത്തിന്റെ അന്ത:സത്തക്ക് കളങ്കം വരുത്തിയ സര്‍ക്കാരിനെ തിരിച്ചറിയാന്‍ കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് കഴിയും
പിണറായി വിജയന്‍ /ചിത്രം ഫെയസ്ബുക്ക
പിണറായി വിജയന്‍ /ചിത്രം ഫെയസ്ബുക്ക

തിരുവനന്തപുരം: കിഫ്ബി വായ്പ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി  മുന്‍കൈ എടുത്ത് നിയമസഭയില്‍ പ്രമേയം പാസാക്കിയത്  ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനാധിപത്യത്തിന് അപമാനം ഉണ്ടാക്കിയ പ്രമേയം പാസാക്കല്‍  ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന്   സര്‍ക്കാര്‍ വ്യക്തമാക്കണം. ഇല്ലാത്ത അധികാരം ഉണ്ടെന്ന് കാണിക്കാനുള്ള  ശ്രമമാണ് സര്‍ക്കാരിന്റേതെന്നും മുരളീധരന്‍ ഫെയസ്ബുക്കില്‍ കുറിച്ചു.

അഴിമതി മറയ്ക്കാന്‍ ഫെഡറലിസത്തിന്റെ അന്ത:സത്തക്ക് കളങ്കം വരുത്തിയ സര്‍ക്കാരിനെ തിരിച്ചറിയാന്‍ കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് കഴിയും. പ്രത്യേക റിപ്പബ്‌ളിക്ക് അല്ല കേരളമെന്ന് മുഖ്യമന്ത്രിയെയും കൂട്ടരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് മുരളീധരന്‍ കുറിപ്പില്‍ വ്യക്തമാക്കി. 


വി മുരളീധരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം


കിഫ്ബി വായ്പ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി മുഖ്യമന്ത്രി മുന്‍കൈ എടുത്ത് നിയമസഭയില്‍ പ്രമേയം പാസാക്കിയത്  ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ്.ജനാധിപത്യത്തിന് അപമാനം ഉണ്ടാക്കിയ പ്രമേയം പാസാക്കല്‍  ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന്   സര്‍ക്കാര്‍ വ്യക്തമാക്കണം. ഇല്ലാത്ത അധികാരം ഉണ്ടെന്ന് കാണിക്കാനുള്ള  ശ്രമമാണ് സര്‍ക്കാരിന്റേത്. ഭരണഘടന അനുസരിച്ചോ,സഭാ കീഴ് വഴക്ക പ്രകാരമോ  ഇത്തരമൊരു കാര്യം  ചരിത്രത്തിലിന്നുവരെ ഉണ്ടായിട്ടില്ല. സഭയില്‍ വെച്ച റിപ്പോര്‍ട്ടിന്മേല്‍ എതിരഭിപ്രായം ഉണ്ടെങ്കില്‍ പി.എ.സി ക്ക് വിടുകയാണ് പതിവ്. എന്നാല്‍ അത് തങ്ങള്‍ക്ക് ബാധകമല്ലെന്ന തികഞ്ഞ ധാര്‍ഷ്ട്യമാണ് സിഎജിക്കെതിരെ രാഷ്ട്രീയ പ്രേരിതമായ പ്രമേയം പാസാക്കാന്‍ സഭയെ ഉപയോഗിക്കുക വഴി  ഇടത് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ കേരളത്തിന്  ബാധകമല്ലെന്നാണ് സര്‍ക്കാര്‍ ധരിച്ച് വെച്ചിരിക്കുന്നത്. കിഫ്ബി വായ്പയെടുപ്പില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തത്  സിഎജി  ചൂണ്ടികാണിച്ചതിലുള്ള പ്രതികാരം  തീര്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം  സംസ്ഥാന സര്‍ക്കാരിനെ ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.അഴിമതിയും കൊള്ളരുതായ്മയും ചെയ്താല്‍ അത് പറയാന്‍ പാടില്ലെന്ന ഇടത് സര്‍ക്കാരിന്റെ  വിചിത്ര നിലപാട്  തീര്‍ത്തും പരിഹാസ്യമാണ്.പ്രമേയത്തെ പിന്‍തുണക്കുക വഴി അഴിമതിക്ക് കുടപിടിക്കുന്നവരായി സഭയിലെ ഇടത് അംഗങ്ങള്‍ മാറി. പ്രമേയം പാസാക്കും  മുന്‍പേ അതിന് അധികാരം ഉണ്ടോ എന്നറിയാന്‍  നിയമോപദേശം തേടുകയെന്ന  മര്യാദ സര്‍ക്കാരിന് കാണിക്കാമായിരുന്നു.  അഴിമതി മറക്കാന്‍ ഫെഡറലിസത്തിന്റെ അന്ത:സത്തക്ക് കളങ്കം വരുത്തിയ സര്‍ക്കാരിനെ തിരിച്ചറിയാന്‍ കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് കഴിയും. പ്രത്യേക റിപ്പബ്‌ളിക്ക് അല്ല കേരളമെന്ന് മുഖ്യമന്ത്രിയെയും കൂട്ടരും ഓര്‍ക്കുന്നത് നന്നായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com