കേന്ദ്ര ഏജന്‍സികളെ സംസ്ഥാനത്തിനെതിരെ ദുരുപയോഗപ്പെടുത്തുന്നു : അശോക് ഗെഹലോട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2021 12:57 PM  |  

Last Updated: 23rd January 2021 01:07 PM  |   A+A-   |  

rajasthan cm ashok gehlot

അശോക് ഗെഹലോട്ട് / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജസ്ഥാനില്‍ ഇത് മറികടന്നത് ജനപിന്തുണയാലാണെന്നും ഗെഹലോട്ട് പറഞ്ഞു. 

കോണ്‍ഗ്രസിനകത്ത് ഭിന്നതയുണ്ടെന്ന് സിപിഎം മാത്രമല്ല, ബിജെപിയും ബോധപൂര്‍വം പ്രചാരണം നടത്തുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിലും പശ്ചിമബംഗാളിലും സാഹചര്യം വ്യത്യസ്തമാണ്. 

ബംഗാളില്‍ ബിജെപിയെ തകര്‍ക്കുന്നതിനാണ് സിപിഎമ്മിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതെന്ന് അശോക് ഗെഹലോട്ട് പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി സിപിഎമ്മിനെ നേരിടുമെന്നും വിജയം സുനിശ്ചിതമെന്നും ഗെഹലോട്ട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍  സംസാരിക്കുകയായിരുന്നു ഗെഹലോട്ട്. 

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മണിപ്പൂര്‍, ഗോവ സര്‍ക്കാരുകളെ അട്ടിമറിച്ചതും അശോക് ഗെഹലോട്ട് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസില്‍ എല്ലാ നേതാക്കളും പ്രാധാന്യം ഉള്ളവരാണെന്നും, എല്ലാവരും ഒറ്റക്കെട്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.