കറണ്ട് ബിൽ അടച്ചില്ലേ? കണക്ഷൻ വിഛേദിച്ചേക്കും; കുടിശിക വരുത്തിയവർക്കെതിരെ ഉടൻ നടപടി

15 ദിവസത്തെ നോട്ടിസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക‍്ഷൻ വിഛേദിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; വൈദ്യുതി ബിൽ അടയ്ക്കാൻ മറന്നെങ്കിൽ വേ​ഗം അടച്ചോളൂ. ഇനിയും വൈകിയാൽ കണക്ഷൻ കട്ടാകും. കുടിശിക വരുത്തിയ വൈദ്യുതി ഉപഭോക്താക്കളുടെ കണക‍്ഷൻവിഛേദിക്കാനുള്ള നോട്ടിസ് നൽകാൻ കെഎസ്ഇബി നിർദേശം. കോവിഡ് ‌ലോക്ഡൗൺ പലയിടത്തും തുടരുന്നതിനിടയിലാണ് തീരുമാനം.

കുടിശിക പിരിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് വൈദ്യുതി ബോർഡ് വിശദീകരിക്കുന്നു. എക്സിക്യൂട്ടീവ് എൻജിനീയർമാർക്കു ഫോൺ സന്ദേശമായാണ് അറിയിപ്പ് ലഭിച്ചത്. 15 ദിവസത്തെ നോട്ടിസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക‍്ഷൻ വിഛേദിക്കും.

ലോക്ഡൗൺ കാലത്തു വൈദ്യുതി കണക‍്ഷൻ വിഛേദിക്കില്ലെന്നു സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷവും ലോക്ഡൗൺ സമയത്ത് ഇതുപോലെ നോട്ടിസ് നൽകിയെങ്കിലും പരാതികളും വിമർശനങ്ങളും ഉയർന്നതോടെ തീരുമാനം പിൻവലിച്ചു. 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള ബിൽ അടയ്ക്കാൻ ഡിസംബർ 31 വരെ സമയം നൽകുകയും ഗഡുക്കളായി അടയ്ക്കാൻ അവസരം നൽകുകയും ചെയ്തു.

അതിനിടെ വൈദ്യുതി ചാർജ് കുടിശിക വരുത്തിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടാൽ തുക അടയ്ക്കാൻ സാവകാശം നൽകുകയോ തവണകൾ അനുവദിക്കുകയോ ചെയ്യുമെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com