പെരുന്നാള്‍ ഇളവുകള്‍ : ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും ; നിയന്ത്രണങ്ങളില്‍ ജനം അസ്വസ്ഥര്‍ ; ഇളവുകള്‍ വിദഗ്ധരുമായി കൂടിയാലോചിച്ചെന്ന് സര്‍ക്കാര്‍

ബക്രീദുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേരളത്തിലെ പെരുന്നാള്‍ ഇളവുകള്‍ സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായുള്ള ബഞ്ചാണ് കേസ് പരിഗണിക്കുക. കേരളത്തില്‍ ഇളവുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വിശദമായ മറുപടി ഇന്നലെ തന്നെ നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മറുപടി നല്‍കിയിട്ടുണ്ട്. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചില മേഖലകളില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കി. 

സംസ്ഥാനത്ത് ടിപിആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണ്. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇളവ് അനുവദിച്ചത്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ട്. ബക്രീദുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.  

നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. മൂന്ന് മാസമായി നീണ്ടുനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ ജനം അസ്വസ്ഥരാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി ആവശ്യപ്പെട്ടിട്ടാണ്  ബക്രീദിന് മുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ ഇളവ് അനുവദിച്ചത് എന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹി മലയാളിയായ പി കെ ഡി നമ്പ്യാരാണ് ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചത്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com