കൊണ്ടുവന്നത് 43.5 കോടി ; സേലത്ത് വച്ച് നാലരക്കോടി കവര്‍ന്നു, പരാതിയില്ലാതെ ഒതുക്കി ; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം

മൂന്നരക്കോടി കര്‍ണാടകയില്‍ നിന്നെത്തിക്കാന്‍ ധര്‍മരാജന് നിര്‍ദേശം നല്‍കിയത് ബിജെപി കോ ഓര്‍ഡിനേറ്റിങ് സെക്രട്ടറി എം ഗണേശ് ആണെന്നും പൊലീസ്
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

കൊച്ചി : കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ബിജെപി കേരളത്തിലെത്തിച്ചത് 43.5 കോടിയെന്ന് പൊലീസ്. കൊടകര കുഴല്‍പ്പണക്കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബംഗലൂരുവില്‍ നിന്ന് അനധികൃതമായി 2021 ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ ഇലക്ഷന്‍ പ്രചാരണത്തിന് കൊണ്ടു വന്നതാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 

ഈ മൂന്നരക്കോടി രൂപ കൂടാതെ, കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സ്വരൂപിച്ചുവെച്ചിരുന്ന 17 കോടി രൂപ 2021 മാര്‍ച്ച് ഒന്നു മുതല്‍ മാര്‍ച്ച് 26 വരെ പല ദിവസങ്ങളായി ധര്‍മരാജന്‍, ധനരാജന്‍, ഷിജിന്‍, ഷൈജു എന്നിവര്‍ നേരിട്ടും കോഴിക്കോട്ടുള്ള ഹവാല ഏജന്റുമാര്‍ മുഖേന 23 കോടിയും ചേര്‍ത്ത് മൊത്തം 43.5 കോടി രൂപ സ്വരൂപിച്ചു. 

ഈ പണം  മാര്‍ച്ച് അഞ്ചാം തീയതി മുതല്‍ ഏപ്രില്‍ അഞ്ചുവരെ കേരളത്തില്‍ പല ജില്ലകളിലുള്ള ബിജെപി പാര്‍ട്ടിയുടെ ഭാരവാഹികള്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ട്. അതില്‍ 2021 മാര്‍ച്ച് ആറിന് ബംഗലൂരുവില്‍ നിന്ന് കേരളത്തിലേക്ക് സേലം വഴി ധര്‍മരാജന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന 4.4 കോടി സേലത്തു വെച്ച് കവര്‍ച്ച ചെയ്യപ്പെട്ടിരുന്നതായും പൊലീസ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. 

മൂന്നരക്കോടി കര്‍ണാടകയില്‍ നിന്നെത്തിക്കാന്‍ ധര്‍മരാജന് നിര്‍ദേശം നല്‍കിയത് ബിജെപി കേരള കോ ഓര്‍ഡിനേറ്റിങ് സെക്രട്ടറി എം ഗണേശും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായരുമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പണം കടത്തിക്കൊണ്ടുവന്നത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അറിവോടെയാണെന്നും ഹവാല ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ധര്‍മരാജനുമായി സുരേന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കും അടുത്ത ബന്ധമുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

കൊടകരയില്‍ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കാര്‍ തട്ടിയെടുത്ത് കവര്‍ന്ന മൂന്നരക്കോടി രൂപ കവർച്ച ചെയ്തത്. ഇരിങ്ങാലക്കുട കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 625 പേജുള്ള കുറ്റപത്രത്തില്‍ 22 പേരാണ് പ്രതികള്‍. 219 സാക്ഷികളുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകനെയും സാക്ഷിയായി ചേര്‍ത്തിട്ടുണ്ട്. പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്താ, ബിജജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com