ഏഴു ജില്ലകളില്‍ രോഗവ്യാപനം അതിതീവ്രം; കൂടുതല്‍ വകഭേദങ്ങള്‍ക്ക് സാധ്യത ;10 ജില്ലകളില്‍ ടിപിആര്‍ 10 ന് മുകളില്‍ ; കേരളത്തിന് മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th July 2021 05:22 PM |
Last Updated: 27th July 2021 05:22 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : കേരളത്തിലെ കോവിഡ് സ്ഥിതി മോശമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ ഏഴു ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്.
രാജ്യത്ത് 22 ജില്ലകളിലാണ് കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നത്. ഇതില്‍ ഏഴെണ്ണം കേരളത്തിലാണ്. മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം ഉള്‍പ്പെടെ രോഗവ്യാപനം കൂടുതലുള്ളത്. വ്യാപനം കൂടുതലുള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കരുതെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ വൈറസ് പെരുകുന്നത് പ്രധാന ആശങ്കയാണ്. കൂടുതല്‍ വകഭേദങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കണം. ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും അനുവദിക്കരുത്, രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. മഴക്കാല രോഗങ്ങള്‍ തടയാന്‍ മുന്‍കരുതല്‍ വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.
രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ട്. അതേസമയം രാജ്യത്തെ 62 ജില്ലകളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 100 ന് മുകളിലാണെന്ന് ലവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം ഉണ്ട്. വരും ദിവസം തന്നെ അതില്‍ പരിഹാരം ഉണ്ടാകുമെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.