ആഭരണത്തെ ചൊല്ലി നിരന്തരം കളിയാക്കൽ; ഭർതൃ വീട്ടിൽ മാനസിക പീഡനം; യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു 

ആഭരണത്തെ ചൊല്ലി നിരന്തരം കളിയാക്കൽ; ഭർതൃ വീട്ടിൽ മാനസിക പീഡനം; യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു 
രേവതി/ ടെലിവിഷൻ ദൃശ്യം
രേവതി/ ടെലിവിഷൻ ദൃശ്യം

കൊല്ലം: കുണ്ടറയിൽ ആറ്റിലേക്കു ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേകല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ് മരിച്ചത്. കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്കാണ് യുവതി ചാടിയത്. സ്ത്രീധനത്തെ ചൊല്ലിയുളള ഭർതൃ വീട്ടുകാരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് രേവതിയുടെ ബന്ധുക്കൾ ആരോപിച്ചു. 

രേവതിയെ നാട്ടുകാർ കരയ്‌ക്കെത്തിച്ച് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. പവിത്രേശ്വരം കല്ലുംമൂട് കുഴിവിള വീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളാണ്. 

നിലമേൽ സൈജു ഭവനിൽ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കു ശേഷം സൈജു വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി. 

മരണത്തെക്കുറിച്ച് രേവതിയുടെ ബന്ധുക്കൾ പറയുന്നതിങ്ങനെ- നിർധന കുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാൽ വിവാഹത്തിന് ആഭരണങ്ങൾ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭർതൃ വീട്ടിലെത്തിയപ്പോൾ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടർന്നെന്നാണ് പരാതി. കാലിൽ കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭർതൃ പിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. 

പിന്നീട് രേവതിയുടെ വീട്ടുകാർ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച വിവാഹ ധനസഹായമായ 70,000 രൂപ കൊണ്ട് സ്വർണ കൊലുസ് വാങ്ങി നൽകി. പിന്നീട് സ്വർണമാലയെച്ചൊല്ലിയായി മാനസിക പീഡനം. സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com