മരണത്തിന് തൊട്ടുമുൻപ് പ്രിയങ്കയെ ഏറ്റവും കൂടുതൽ മർദിച്ചത് ഉണ്ണിയുടെ അമ്മ; അറസ്റ്റു വൈകുന്നതിനെതിരെ കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2021 09:34 AM  |  

Last Updated: 02nd June 2021 09:34 AM  |   A+A-   |  

unni_i_dev's wife died

ഉണ്ണി പി ദേവും ഭാര്യ പ്രിയങ്കയും

 

തിരുവനന്തപുരം; നടൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക  ഗാർഹിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസിൽ ഉണ്ണിയുടെ അമ്മയുടെ അറസ്റ്റു വൈകുന്നു. പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുൻപ് നടന്ന ആക്രമണത്തിൽ ഏറ്റവും കൂടുതൽ പ്രിയങ്കയെ മർദിച്ചത് അമ്മ ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നൽകിയിട്ടുണ്ട്. അതിനാൽ ശാന്തയുടെ അറസ്റ്റ് കേസിൽ നിർണായകമാണ്. എന്നാൽ അറസ്റ്റ് വൈകിക്കുകയാണെന്നാണ് പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണം. 

ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് ഉണ്ണിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഉണ്ണിയുടെ അമ്മ ശാന്ത കോവിഡ് ബാധിതയാണെന്നായിരുന്നു പൊലീസ് വിശദീകരണം. മേയ് 25നാണ് ഉണ്ണി രാജൻ പി. ദേവിനെ അറസ്റ്റു ചെയ്യുന്നത്. ഉണ്ണി കോവിഡ് നെഗറ്റീവ് ആയതിനു ശേഷമാണ് അറസ്റ്റു നടന്നത്. 

ഉണ്ണിയും മാതാവ് ശാന്തയും ഒരേ ദിവസമാണ് കോവിഡ് പൊസിറ്റീവ് ആയത്. അങ്ങനെയെങ്കിൽ ഇപ്പോൾ 18 ദിവസമെങ്കിലും കഴിഞ്ഞിരിക്കും ശാന്ത പോസിറ്റീവായിട്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് അറസ്റ്റ് മനപ്പൂർവ്വം വൈകുന്നുവെന്നാണ് ബന്ധുക്കൾ കരുതുന്നത്. ഇതു സംബന്ധിച്ച് പ്രിയങ്കയുടെ ബന്ധുക്കൾ കേസന്വേഷിക്കുന്ന നെടുമങ്ങാട് ഡിവൈഎസ്പിയെ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് അറസ്റ്റു വൈകുന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. ഉണ്ണിക്കൊപ്പം തന്നെ ഈ കേസിൽ ശാന്തയ്ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള നിഗമനം.