കൊച്ചിയിലെ ഫ്‌ലാറ്റില്‍ യുവതി പീഡനത്തിനിരയായ സംഭവം; നാലുമാസമായിട്ടും പ്രതിയെ പിടിച്ചില്ല; സിഐയ്ക്ക് വനിതാ കമ്മീഷന്റെ താക്കീത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th June 2021 09:35 PM |
Last Updated: 07th June 2021 09:35 PM | A+A A- |

എംസി ജോസഫൈന്‍ /ഫയല്‍ ഫോട്ടോ
കൊച്ചി: ഫ്‌ലാറ്റില്‍ അതിക്രൂരമായ പീഡനത്തിനിരയായ യുവതി പരാതി നല്‍കി നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ നടപടിയെ കേരള വനിതാ കമ്മിഷന്‍ അപലപിച്ചു. സിഐയെ ഫോണില്‍ വിളിച്ച് താക്കീത് നല്‍കിയ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ താത്കാലികമായി സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥര്‍, തുടരന്വേഷണത്തിന് കോടതി കയറിയിറങ്ങേണ്ടിവരും എന്ന കാരണത്താല്‍, ഇത്തരത്തില്‍ പ്രമാദമായ കേസുകളില്‍ ശ്രദ്ധകൊടുത്തിരുന്നില്ല എന്നൊരു ആക്ഷേപം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതിക്കെതിരായ നടപടിയില്‍ ഒരു അമാന്തവും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് വനിതാ കമ്മിഷന്റെ അഭിപ്രായം. 376 -ാം വകുപ്പ് പ്രകാരം ബലാല്‍സംഗക്കുറ്റം ചുമത്തപ്പെട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത്, ലോക്ക്ഡൗണ്‍ കാലയളവില്‍ സ്ത്രീസമൂഹത്തിനിടയില്‍ അരക്ഷിതബോധം സൃഷ്ടിക്കാനിടവരും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് അതിക്രൂര മര്‍ദനത്തിനും പീഡനത്തിനും ഇരയായത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് യുവതി ആരോപിച്ചു.
കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടെയാണ് യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റില്‍ താമസം ആരംഭിച്ചത്. ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ട്ടിന്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് യുവതിയുടെ പരാതി. ഫ്ളാറ്റില്‍നിന്ന് പോകാന്‍ ശ്രമിച്ചെങ്കിലും ഇത് മാര്‍ട്ടിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തിന് പുറമേ അതിക്രൂരമായ ലൈംഗികാതിക്രമത്തിനും യുവതി ഇരയായി. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏകദേശം 15 ദിവസത്തോളം ക്രൂരമായ പീഡനമേറ്റാണ് യുവതി ഫ്ളാറ്റില്‍ കഴിഞ്ഞത്. ഇതിനിടെ, നഗ്നവീഡിയോയും ചിത്രീകരിച്ചെന്ന് യുവതി പറയുന്നു.
ഫെബ്രുവരി അവസാനത്തോടെയാണ് യുവതി ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെട്ടത്. ഉടന്‍തന്നെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ മാര്‍ട്ടിനെതിരേ പരാതി നല്‍കി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല.
പ്രതിക്കായി തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഈ ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് പൊലീസ് പറയുന്നത്.