കെ സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം, ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2021 07:37 AM  |  

Last Updated: 09th June 2021 07:37 AM  |   A+A-   |  

bjp president k surendran

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ


ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് ഡൽഹിയിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര മന്ത്രി വി മുരളീധരനും ഒപ്പമുണ്ടാകുമെന്നാണ് സൂചന.

കൊടകര കുഴൽപ്പണ വിവാദം, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉയർന്ന പരാതികളെ തുടർന്ന് സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു എന്നാണ് സൂചന. സംസ്ഥാനത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയവും സംസ്ഥാന നേതൃത്വത്തിനെതിരേ ഉയര്‍ന്ന കുഴല്‍പ്പണമിടപാട് ആരോപണങ്ങളും സംബന്ധിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം അന്വേഷണം ആരംഭിച്ചിരുന്നു.

വിവാദങ്ങളെ കുറിച്ച് സുരന്ദ്രനിൽ നിന്ന് വിശദീകരണം തേടും. കേരളത്തിലെ സംഭവങ്ങൾ ദേശീയതലത്തിൽ വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വം ഇടപെടുന്നത്. കേരളത്തിലെ വിഷയം ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. പാര്‍ട്ടിക്ക് കേരളത്തില്‍ സീറ്റ് ലഭിച്ചില്ലെന്ന് എന്നതിനൊപ്പം വലിയ നിലയിൽ വോട്ട് ചോര്‍ച്ചയും ഉണ്ടായതായി രണ്ട് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

അതേസമയം മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ സുരേന്ദ്രനെതിരായ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പൊലീസാണ്ണ് സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ കോടതി അനുമതിയോടെ 171 ബി വകുപ്പനുസരിച്ചാണ് കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.