വ്യക്തിപൂജ വിവാദം; പി ജയരാജന് പങ്കില്ലെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍

വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന് പങ്കില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍
പി ജയരാജന്‍/ഫയല്‍
പി ജയരാജന്‍/ഫയല്‍

           
കണ്ണൂര്‍: വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന് പങ്കില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച നേതൃത്വം പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. വ്യക്തി പൂജ വിഷയത്തില്‍ ജയരാജന്‍ ജാഗ്രത കാട്ടിയില്ലെന്ന് സിപിഎം സംസ്ഥാന സമിതി മുമ്പ് ശാസിച്ചിരുന്നു. വിഷയത്തോട് പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല.

പി ജയരാജനെ ഉയര്‍ത്തിക്കാട്ടുന്ന പാട്ടുകളും, ബോര്‍ഡുകളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമൊക്കെയാണ് പാര്‍ട്ടിക്കകത്ത് വിവാദമായത്. ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മീഷനെയും ചുമതലപ്പെടുത്തി. എ എന്‍ ഷംസീര്‍, എന്‍ ചന്ദ്രന്‍, ടി ഐ മധുസൂദനന്‍ എന്നിവരാണ് കമ്മീഷനിലുണ്ടായിരുന്നത്. വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പങ്കില്ലെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. 

കണ്ണൂര്‍ തളാപ്പില്‍ സംഘപരിവാര്‍ സംഘടകളില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തിയ അമ്പാടി മുക്ക് സഖാക്കള്‍ എന്നറിയപ്പെടുന്നവര്‍, 
പിണറായി വിജയനെ അര്‍ജുനനായും പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. പി ജെ ആര്‍മി എന്ന പേരിലുള്ള സാമൂഹ്യ മാധ്യമ പേജ് ജയരാജനെ പുകഴ്ത്തിയുള്ള പോസ്റ്റുകളുമായി സജീവമായിരുന്നു.

ഈ സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് അതീതമായി വളരുന്നു എന്ന ആരോപണത്തില്‍ ജയരാജന്‍ വിഷയം സംസ്ഥാന കമ്മിറിയില്‍ ചര്‍ച്ചയായത്. വ്യക്തിപ്രഭാവം ഉയര്‍ത്തുന്ന നിലയിലുള്ള പ്രചാരണം നടന്നതിന് ജയരാജന്‍ ജാഗ്രത കാട്ടിയില്ലെന്ന് ശാസിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ തുടര്‍ നടപടി വേണ്ടെന്ന മൂന്നംഗം കമ്മീഷന്‍ നിലപാട് പാര്‍ട്ടി നേതൃത്വം അംഗീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com