സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുന്ന ഒരുവിഭാഗം ഇപ്പോഴുമുണ്ട് ; ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2021 02:31 PM  |  

Last Updated: 21st June 2021 02:31 PM  |   A+A-   |  

pinarayi vijayan

മുഖ്യമന്ത്രി വെബിനാറില്‍ സംസാരിക്കുന്നു / ഫെയ്‌സ്ബുക്ക് ലൈവ്‌

 

തിരുവനന്തപുരം : സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുന്ന ഒരുവിഭാഗം ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തു വന്നാലും മാറില്ലെന്ന മനോഭാവം ഒരു വിഭാഗത്തിന് ഇപ്പോഴുമുണ്ട്. അഴിമതിയെന്നാല്‍ കൈക്കൂലി മാത്രമല്ല. നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് ഫയലുകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരള എന്‍ ജി    ഒ  യൂണിയന്‍  സംഘടിപ്പിച്ച  നവകേരള സൃഷ്ടിയും  സിവില്‍ സര്‍വ്വീസും എന്ന വെബ്ബിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. ജനാഭിലാഷം നിറവേറ്റാന്‍ സര്‍ക്കാരും ജീവനക്കാരും നാടിന്റെ മുന്നോട്ടുപോകുന്നതിന് ഒന്നിച്ചുനീങ്ങണം. അത് നിറവേറ്റാന്‍ സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. 

അഴിമതിയെന്നാല്‍ അവിഹിതമായി പണം കൈപ്പറ്റല്‍ മാത്രമല്ല. നേരിട്ട് കൈക്കൂലിയോ പാരിതോഷികങ്ങളോ ഒന്നും കൈപ്പറ്റുന്നുണ്ടാകില്ല. പക്ഷെ സര്‍ക്കാര്‍ ഫണ്ട് ചോര്‍ന്നുപോകുന്നതും അനര്‍ഹമായ ഇടങ്ങളില്‍ എത്തിച്ചേരുന്നതിനും മൂകസാക്ഷികളായി നില്‍ക്കുന്ന ചിലരുമുണ്ട്. ഇതും അഴിമതിയുടെ ഗണത്തിലാണ് വരിക. 

പദ്ധതിക്കായി നീക്കിവെച്ച ഫണ്ട് ചില്ലിക്കാശ് പോലും നഷ്ടപ്പെടാതെ ചിലവഴിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. അതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ആ ചിന്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പൊതുജനങ്ങളുടെ പരാതി ക്ഷമയോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കണം. അതിനുള്ള മറുപടി വ്യക്തമായതും കാര്യകാരണ സഹിതമുള്ളതുമാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷം സമാനതകളില്ലാത്ത ദുരന്തം നേരിട്ട കാലമായിരുന്നു. അതിനെയെല്ലാം സംസ്ഥാനം അതിജീവിച്ചു. 

ആ അതിജീവനം സാധ്യമാക്കിയതില്‍ എന്‍ജിഒ യൂണിയനെപ്പോലുള്ള സംഘടനകളുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയെ നേരിടുന്ന ഈ ഘട്ടത്തിലും സഹകരണം തുടര്‍ന്നും ഉണ്ടാകണം. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ആധുനികവും ഉയര്‍ന്ന തൊഴില്‍ശേഷിയുള്ളതുമായ ഉത്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കാന്‍ ഉതകുന്ന വിധത്തില്‍ വിജ്ഞാന സമ്പദ്ഘടനയായി പുതുക്കിപണിയുന്നതിനുള്ള പദ്ധതിയാണ് കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്. 

ഉദ്യോഗസ്ഥര്‍ വലിയ സുഖസൗകര്യങ്ങളോടെ കഴിയുന്നവരാണെന്ന ചിന്ത ജനങ്ങളുടെ മനസ്സില്‍ നിന്നു മാറ്റി അവര്‍ ജനങ്ങള്‍ക്ക് വേണ്ടി കര്‍മനിരതരാണെന്ന ചിന്ത ഉണ്ടാക്കാന്‍ കഴിയണം. നികുതിപ്പണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവരല്ല, മറിച്ച് കൃത്യമായി ജോലി ചെയ്തിട്ടാണ് ശമ്പളം പറ്റുന്നതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനാധിപത്യത്തില്‍ ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്മാരെന്ന യാഥാര്‍ത്ഥ്യം നാം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.