എല്ലാം ആശുപത്രികള്‍ക്കു വിട്ടുകൊടുത്തോ?; ചികിത്സാ നിരക്കിലെ ഭേദഗതി ഉത്തരവ് ഹൈക്കോടതി തടഞ്ഞു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2021 02:50 PM  |  

Last Updated: 23rd June 2021 02:50 PM  |   A+A-   |  

kerala high court

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 


കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. മുറികളിലെ നിരക്ക് ആശുപത്രികള്‍ക്കു നിശ്ചയിക്കാമെന്നു വ്യക്തമാക്കി ഈയാഴ്ച ഇറക്കിയ ഭേദഗതിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. 

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഇതു ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ റിവ്യൂ പെറ്റിഷനാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ആശുപത്രികളിലെ ആവശ്യം പരിഗണിച്ച് എന്തെല്ലാം ഇളവുകള്‍ നല്‍കാനാവുമെന്ന് പരിശോധിക്കാന്‍ നേരത്തെ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മുറികളിലെയും സ്യൂട്ട് റൂമുകളിലെയും നിരക്ക് ആശുപത്രികള്‍ക്കു നിശ്ചയിക്കാമെന്ന ഉത്തരവ് എല്ലാ അവര്‍ക്കു വിട്ടുകൊടുക്കുന്നതിനു തുല്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ചെറിയ ഇളവുകള്‍ നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ നിരക്കു നിശ്ചയിക്കാനുള്ള അവകാശം പൂര്‍ണമായി വിട്ടുനല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. നേരത്തെ ഉള്ള ഉത്തരവിനെ റദ്ദാക്കുന്നതാണ് പുതിയ ഭേദഗതിയെന്ന് കോടതി വിമര്‍ശിച്ചു. പിഴവു തിരുത്താന്‍ ഒരാഴ്ച സയമം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസ് അടുത്തയാഴ്ചയിലേക്കു മാറ്റി.

നേരത്തെ കോവിഡ് ചികില്‍സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജനറല്‍ വാര്‍ഡ്, ഓക്‌സിജന്‍ സംവിധാനമുള്ള വാര്‍ഡ്, ഐസിയു, വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു എന്നിവയ്ക്ക് നിരക്ക് നിശ്ചയിച്ചിരുന്നു.

അതില്‍ മുറികളുടെ നിരക്ക് എത്ര ഈടാക്കാമെന്ന് വ്യക്തത ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.