കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു ; ലോക്കര്‍ സീല്‍ ചെയ്തു; വിസ്മയയുടെ സ്വര്‍ണവും കാറും തൊണ്ടിമുതലാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2021 12:35 PM  |  

Last Updated: 24th June 2021 12:35 PM  |   A+A-   |  

Vismaya, kiran kumar

വിസ്മയ, കിരണ്‍ കുമാര്‍ / ഫയല്‍

 

കൊല്ലം : കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണമുള്ള ലോക്കര്‍ സീല്‍ ചെയ്തു. സ്ത്രീധനമായി നല്‍കിയ വിസ്മയയുടെ സ്വര്‍ണവും കാറും തൊണ്ടിമുതലാകും. ജയിലില്‍ റിമാന്‍ഡിലുള്ള കിരണ്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. 

കിരണ്‍കുമാര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് വിസ്മയയുടെ സുഹൃത്തുക്കളും ബന്ധുക്കളും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരുന്നു. ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കിരണിന്റെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കളെയും ചോദ്യം ചെയ്യും. 

ജനുവരി രണ്ടിന് കിരണ്‍കുമാര്‍ വിസ്മയയുടെ വീട്ടിലെത്തി, ഭാര്യയെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഈ കേസ് വീണ്ടും അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വിസ്മയയെയും സഹോദരനെയും മര്‍ദ്ദിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ, പിടികൂടിയ എസ്‌ഐയെയും കിരണ്‍ മര്‍ദിച്ചിരുന്നു. ഇതിലും കിരണിനെതിരെ കേസ് ചാര്‍ജ് ചെയ്യുന്നത് പൊലീസ് പരിഗണിക്കുന്നുണ്ട്. 

വീട്ടിലെ അക്രമത്തിന് ശേഷം ശരത്‌ലാല്‍ എന്ന എസ്‌ഐയെ കിരണ്‍ മര്‍ദിച്ചിട്ട് പോലും കേസെടുക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നതിന് പിന്നില്‍ എന്ത് ഇടപെടലാണ് നടന്നതെന്ന് അന്വേഷിക്കണമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ വീട്ടില്‍ കയറി അക്രമം നടത്തിയതും വീണ്ടും അന്വേഷിക്കണമെന്നും അദ്ദേഹം ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.