മട്ടന്നൂരിൽ ഇപി ജയരാജന് പകരം കെകെ ശൈലജ; കണ്ണൂരിലെ സാധ്യതാ പട്ടിക ഇങ്ങനെ

മട്ടന്നൂരിൽ ഇപി ജയരാജന് പകരം കെകെ ശൈലജ; കണ്ണൂരിലെ സാധ്യതാ പട്ടിക ഇങ്ങനെ
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി വ്യവസായ മന്ത്രി ഇപി ജയരാജൻ. ഇക്കുറി മത്സരിക്കാനില്ലെന്ന് അദ്ദേഹം ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇപി ജയരാജൻ തെര‍ഞ്ഞെടുപ്പ് ചുമതലകളിൽ നിന്നു മാറി നിൽക്കാൻ തീരുമാനിച്ചതോടെ അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടാനും സാധ്യതയേറി. 

ഇപി ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോ​ഗ്യ മന്ത്രി കെകെ ശൈലജയെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിൻ്റെ തീരുമാനം. മട്ടന്നൂരിനൊപ്പം പേരാവൂരും കല്ല്യാശ്ശേരിയും ശൈലജ ടീച്ചർക്ക് അനുയോജ്യമെന്നാണ് പാർട്ടി വിലയിരുത്തൽ. ശൈലജ മത്സരിച്ച കൂത്തുപറമ്പ് സീറ്റ് ഘടകക്ഷിയായ എൽജെഡിക്ക് വിട്ടു കൊടുക്കാനാണ് നിലവിലെ ധാരണ. 

ഇപി ജയരാജൻ തെരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ മറ്റൊരു മുതിർന്ന നേതാവായ എംവി ഗോവിന്ദൻ മത്സരിക്കാൻ കളമൊരുങ്ങി. തളിപ്പറമ്പ് സീറ്റിൽ നിന്നു ​ഗോവിന്ദൻ മാസ്റ്ററെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിൻ്റെ തീരുമാനം. 

മറ്റൊരു മുതിർന്ന നേതാവായ പി ജയരാജനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചു പരാജയപ്പെട്ട പി ജയരാജൻ്റെ കാര്യത്തിൽ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് കണ്ണൂർ ഘടകം. പയ്യന്നൂരിൽ ടിഐ മധുസൂദനൻ, കല്ല്യാശ്ശേരിയിൽ എം വിജിൻ, തലശ്ശേരിയിൽ എഎൻ ഷംസീർ എന്നിങ്ങനെയാണ് മറ്റു സീറ്റുകളിൽ നിലവിൽ പരി​ഗണിക്കുന്ന പേരുകൾ.

യുഡിഎഫ് സിറ്റിങ് സീറ്റായ പേരാവൂരിൽ ഇടത് സ്വതന്ത്രനെയിറക്കി മത്സരം കടുപ്പിക്കാനാണ് നീക്കം. കെകെ ശൈലജയുടെ പേരും പേരാവൂരിലേക്ക് പരി​ഗണിക്കണം എന്ന് അഭിപ്രായമുണ്ടായെങ്കിലും പിണറായിക്ക് ശേഷം ഈ ഭരണകാലത്ത് സർക്കാരിൽ നിർണായക ചുമതലകൾ വഹിച്ച ശൈലജ ടീച്ചറെ സുരക്ഷിതമായ സീറ്റിൽ മത്സരിപ്പിക്കണം എന്ന ചിന്തയും പാർട്ടിക്കുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com