മൂന്നു സീറ്റുകൾ കൂടി വേണം, ബാലുശ്ശേരി വേണ്ട ; നിലപാട് കടുപ്പിച്ച് ലീ​ഗ് ; കോൺ​ഗ്രസുമായി ഇന്ന് വീണ്ടും ചർച്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2021 07:32 AM  |  

Last Updated: 04th March 2021 07:32 AM  |   A+A-   |  

udf leaders

പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സീറ്റ്‌ വിഭജനം ഉടൻ പൂർത്തീകരിക്കാൻ യുഡിഎഫ്. തർക്കം തീർക്കാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. കൂടുതലായി മൂന്നു സീറ്റുകൾ വേണമെന്നാണ് ലീ​ഗ് ആവശ്യപ്പെടുന്നത്. 

പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകളാണ് ലീഗ് ഇന്നലെ നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടത്. ഈ സീറ്റുകൾ കൊടുക്കാൻ കോൺ​ഗ്രസിന് താൽപ്പര്യക്കുറവുണ്ട്. സംവരണ സീറ്റായ ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം സീറ്റും മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.  

പല തവണ ചർച്ച ചെയ്തിട്ടും സമവായത്തിൽ എത്താൻ കഴിയാതിരുന്ന കേരള കോൺ​ഗ്രസ് ജോസഫ് വിഭാഗവുമായി നാളെ വീണ്ടും കോൺഗ്രസ്‌ ചർച്ച നടത്തും. കോട്ടയത്തെ സീറ്റുകളിലാണ് തർക്കം ഇപ്പോഴും തുടരുന്നത്. 

സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ ഇന്നലെ കെപിസിസി ആസ്ഥാനത്ത് അടിയന്തിര യോഗം ചേർന്നു.  കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായ സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പരിഗണിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും യോ​ഗത്തിൽ സംബന്ധിച്ചു.