സിപിഎം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും ; പൊന്നാനിയില്‍ നന്ദകുമാര്‍ തന്നെ മല്‍സരിച്ചേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2021 06:56 AM |
Last Updated: 10th March 2021 06:56 AM | A+A A- |
പിണറായി വിജയന്‍/ ഫയല്‍ ചിത്രം
തിരുവനന്തപുരം : സിപിഎം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പ്രാദേശിക തലത്തില്‍ എതിര്‍പ്പ് ഉയര്‍ന്ന മണ്ഡലങ്ങളില്‍ തര്‍ക്കം പരിഹരിക്കപ്പെട്ടില്ലെങ്കില്‍, ഇവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കില്ല. പൊന്നാനി, മഞ്ചേശ്വരം, ദേവികുളം തുടങ്ങിയ മണ്ഡലങ്ങളിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്.
പ്രാദേശിക തലത്തില്‍ കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും പൊന്നാനിയില്‍ സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാറിനെ തന്നെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഎം സംസ്ഥാനനേതൃത്വം. കളമശേരി, ആലപ്പുഴ, അമ്പലപ്പുഴ, കോങ്ങാട് സീറ്റുകളുടെ കാര്യത്തിലും പ്രാദേശികമായ അതൃപ്തിയുണ്ട്. രണ്ടുടേമെന്ന നിബന്ധനയിലും ആര്‍ക്കും ഇളവില്ല.
കഴിഞ്ഞ തവണ 92 സീറ്റുകളില്‍ മല്‍സരിച്ച സിപിഎം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. തരൂരില്‍ മന്ത്രി എ കെ ബാലന്റെ ഭാര്യ പി കെ ജമീലയെ ഒഴിവാക്കിയതാണ് സ്ഥാനാര്‍ഥി നിര്‍ണയ നടപടിക്രമങ്ങള്‍ക്കിടെ നടന്ന ഏറ്റവും വലിയ മാറ്റം. അരുവിക്കരയില്‍ ജില്ലാ നേതൃത്വം നിര്‍ദേശിച്ച വി കെ മധുവിന് പകരം ജി സ്റ്റീഫനെയും എറണാകുളത്ത് യേശുദാസ് പറപ്പിള്ളിക്ക് പകരം ലത്തീന്‍ സഭ സെക്രട്ടറി ഷാജി ജോര്‍ജിനെയും സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചു.
നിലവിലെ സ്ഥാനാര്‍ഥി പട്ടികയില്‍ എന്തെങ്കിലും മാറ്റം വരണമെങ്കില്‍ അത് പൊളിറ്റ് ബ്യൂറോയാണ് തീരുമാനിക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ രണ്ടുടേം എന്ന നിബന്ധനയില്‍ ആര്‍ക്കും ഇളവിന് സാധ്യതയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരില്‍ നാലുപേര്‍ക്ക് സ്ഥാനാര്‍ഥികളാകാന്‍ ഇളവ് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പരിഗണിച്ചില്ല. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കും ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല.