പിറവത്തെ സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ പ്രമുഖ സിപിഎം നേതാവ് ?; ആരോപണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2021 12:34 PM  |  

Last Updated: 11th March 2021 12:41 PM  |   A+A-   |  

sindhumol jacob

സിന്ധുമോള്‍ ജേക്കബ് /ഫയല്‍ ചിത്രം

 

കൊച്ചി : പിറവത്ത് സിന്ധുമോള്‍ ജേക്കബ് അപ്രതീക്ഷിതമായി കേരള കോണ്‍ഗ്രസ് ( എം) സ്ഥാനാര്‍ത്ഥി ആയതിന് പിന്നില്‍ കോട്ടയത്തെ പ്രമുഖ സിപിഎം നേതാവെന്ന് ആരോപണം. ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമായ സിന്ധുമോള്‍ ജേക്കബിനെ സിപിഎം പിന്നീട് പുറത്താക്കി. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിലെയും കേരള കോണ്‍ഗ്രസിലെയും നേതാക്കള്‍ തമ്മില്‍ സംസാരിച്ച് എടുത്ത തീരുമാനമാണെന്ന് സിന്ധുമോള്‍ ജേക്കബ് പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് സിന്ധുമോള്‍ ജേക്കബിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കൂടിയ ജില്ലാ നേതൃയോഗങ്ങളില്‍ പലതവണ സിപിഎമ്മിലെ പ്രമുഖനായ നേതാവ് സിന്ധുമോള്‍ ജേക്കബിന്റെ പേര് ഉന്നയിച്ചിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റിയെ ഭൂരിപക്ഷം അംഗങ്ങളും ഈ നിര്‍ദേശം തള്ളിക്കളയുകയായിരുന്നു.

കോട്ടയത്ത് സുരേഷ് കുറുപ്പ് മല്‍സരിക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു സിപിഎം നേതാവിന്റെ ലക്ഷ്യമെന്നാണ് ആരോപണം ഉയരുന്നത്. ഒടുവില്‍ കോട്ടയം ജില്ലാ സെക്രട്ടറിയായ വി എന്‍ വാസവന്‍ കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായി മല്‍സരരംഗത്തു വരികയായിരുന്നു. ഇത്തവണ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്നും വാസവന്‍ നിയമസഭയിലേക്കും മല്‍സരിക്കുന്നുണ്ട്. 

കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഎം പ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണമായ പിന്തുണ കിട്ടാന്‍ വേണ്ടി കൂടിയാണ് ജോസ് കെ മാണി ഈ നീക്കുപോക്കിന് മുതിര്‍ന്നതെന്നും വിമര്‍ശനമുണ്ട്. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കുമെന്നും സിന്ധുമോള്‍ ജേക്കബും, ജോസ് കെ മാണിയും പറയുന്നു. 

പിറവത്ത് ജോസ് കെ മാണി നടത്തിയത് സീറ്റ് കച്ചവടമാണെന്ന്, അവസാന നിമിഷം വരെ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിച്ചിരുന്ന യൂത്ത് ഫ്രണ്ട് നേതാവ് ജില്‍സ് പെരിയപ്പുറം ആരോപിച്ചിരുന്നു. സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കിയത് സിപിഎമ്മിന്റെ നാടകമാണ്. ഉഴവൂരിലെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയ സിന്ധുമോള്‍ ജേക്കബിനെ പിറവത്തെ ഇടതുപക്ഷക്കാര്‍ എങ്ങനെ ചുമക്കുമെന്നും ജില്‍സ് ചോദിക്കുന്നു.