നേമം ബിജെപിയുടെ ഉരുക്കുകോട്ട ; പിണറായിക്കെതിരെ കരുത്തന്‍  മല്‍സരിക്കും : കെ സുരേന്ദ്രന്‍

കേരളത്തില്‍ ഏതാണ്ട് ഒട്ടുമിക്ക മണ്ഡലങ്ങളിലും കടുത്ത ത്രികോണ മല്‍സരമാണ് നടക്കുന്നത്
കെ സുരേന്ദ്രന്‍ / ടെലിവിഷന്‍ ചിത്രം
കെ സുരേന്ദ്രന്‍ / ടെലിവിഷന്‍ ചിത്രം

ന്യൂഡല്‍ഹി : നേമം ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആര് മല്‍സരിച്ചാലും ശക്തമായി നേരിടുക എന്നതാണ് പാര്‍ട്ടി നിലപാട്. നേമത്ത് വന്‍ ജനപിന്തുണയാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഒ രാജഗോപാല്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ മാത്രം മതി നേമത്ത് ബിജെപിക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

നേമത്തെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ ബിജെപിയുടെ ജനപിന്തുണയില്‍ കുറവ് ഉണ്ടായിട്ടില്ല. നേമത്ത് കോണ്‍ഗ്രസിന് കാര്യമായ പിന്തുണയില്ല. കഴിഞ്ഞ തവണ 15,000 വോട്ടാണ് കോണ്‍ഗ്രസിന് കിട്ടിയത്. നേമത്ത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള മല്‍സരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

വട്ടിയൂര്‍ക്കാവില്‍ ശക്തമായ ത്രികോണ മല്‍സരമാണുള്ളത്. കേരളത്തില്‍ ഏതാണ്ട് ഒട്ടുമിക്ക മണ്ഡലങ്ങളിലും കടുത്ത ത്രികോണ മല്‍സരമാണ് നടക്കുന്നത്. ഹരിപ്പാട്, പുതുപ്പള്ളി, ധര്‍മ്മടം മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളായിരിക്കും ബിജെപി രംഗത്തിറക്കുക. കോണ്‍ഗ്രസും സിപിഎമ്മും ചെയ്യുന്നതുപോലെ കടലാസ് സ്ഥാനാര്‍ത്ഥികളെ ബിജെപി നിര്‍ത്തില്ല. 

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ മാത്രമല്ല, പിണറായി വിജയനെതിരെയും കരുത്തനായ സ്ഥാനാര്‍ത്ഥി ഉണ്ടാകും. 35 സീറ്റുകള്‍ ലഭിച്ചാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. ഇതില്‍ എന്തിനാണ് സംശയമെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com