കഴക്കൂട്ടത്ത് സിപിഎം–ബിജെപി ധാരണ; ആരോപണവുമായി കോൺ​ഗ്രസ് സ്ഥാനാർഥി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 07:33 AM  |  

Last Updated: 18th March 2021 07:39 AM  |   A+A-   |  

KAZHAKKOOTTAM

ശോഭ സുരേന്ദ്രൻ, എസ്എസ് ലാൽ, കടകംപള്ളി സുരേന്ദ്രൻ/ ഫേയ്സ്ബുക്ക്

 


തിരുവനന്തപുരം; കഴക്കൂട്ടത്ത് സിപിഎമ്മും ബിജെപിയും ധാരണയെന്ന ആരോപണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.എസ്.ലാല്‍. മണ്ഡലത്തിൽ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് സിപിഎം- ബിജെപി ധാരണയിലാണെന്നാണ് ലാലിന്റെ ആരോപണം. എന്നാൽ കോണ്‍ഗ്രസും സിപിഎമ്മുമായാണ് കഴക്കൂട്ടത്ത് മല്‍സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബിജെപി സ്ഥാർഥിയായി ശോഭ സുരേന്ദ്രൻ എത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് കഴക്കൂട്ടത്തേത് ശക്തമായ ത്രികോണ മല്‍സരമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്. എന്നാൽ ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണ് മത്സരം എന്നായിരുന്നു അദ്ദേഹത്തിന്റെ മുൻ നിലപാട്. എന്നാൽ ബിജെപിയുമായി ധാരണയുണ്ടെന്ന ലാലിന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു. 

ഇന്നലെയാണ് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനെ പ്രഖ്യാപിക്കുന്നത്. ശോഭ ഇന്ന് മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങും. കഴക്കൂട്ടത്ത് ഏറ്റവുമൊടുവില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച ബിജെപി പ്രചാരണ രംഗത്ത് പിന്നിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് ചുവരെഴുതി തുടങ്ങി. ഇന്ന് വൈകിട്ട് നാലിന് കാര്യവട്ടത്തുനിന്ന് തുടങ്ങുന്ന റോഡ് ഷോയോടെ കളംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ശബരിമല ഉന്നയിച്ച് കടകംപള്ളിയെ പ്രതിരോധത്തിലാക്കാനുറച്ചാണ് ശോഭയുടെ വരവ്.