വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും; യുവാക്കള്‍ക്ക് 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍; എല്‍ഡിഎഫ് പ്രകടനപത്രിക

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും, യുവാക്കള്‍ക്ക് 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ തുടങ്ങി ജനകീയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കുന്നു / ടെലിവിഷന്‍ ദൃശ്യം
എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കുന്നു / ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും, യുവാക്കള്‍ക്ക് 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ തുടങ്ങി ജനകീയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എകെജി സെന്ററില്‍ എല്‍ഡിഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ ഇടതുമുന്നണി നേതാക്കളാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.

രണ്ട് ഭാഗമായിട്ടാണ് പ്രകടനപത്രിക. 50 ഇന പരിപാടികളാണ് ആദ്യഭാഗത്തുള്ളത്. 900 നിര്‍ദേശങ്ങളാണ് പ്രകടനപത്രികയില്‍ മുന്നോട്ടുവെക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. അഭ്യസ്ത വിദ്യരായ യുവതലമുറയ്ക്ക് തൊഴില്‍ നല്‍കുന്നതിനാണ് പ്രഥമ പരിഗണന. 40 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനം ഉയര്‍ത്താന്‍ പദ്ധതി, റബറിന്റെ തറവില 250 രൂപയാക്കും
ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി 2500രൂപയാക്കും, 5 വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപം കൊണ്ടുവരും തുടങ്ങിയവയും പ്രകടനപത്രികയില്‍ പറയുന്നു.
 
5 വര്‍ഷക്കാലം കേരളത്തിലെ ഇടതുമുന്നണി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളുമാണ് ഇടതുമുന്നണിയുടെ കരുത്ത്. സംസ്ഥാനത്ത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നല്ല അംഗീകാരം കിട്ടിയ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നും യാതൊരു തരത്തിലുള്ള അപവാദപ്രചരണങ്ങളോ വര്‍ഗീയ കൂട്ടുകെട്ടോ കേരളം അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ഇടതുപക്ഷ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷോളം വളരാന്‍ കഴിയുന്ന പ്രകടനപത്രികയാണ് തയ്യാറാക്കിയതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാന വാഗ്ദാനങ്ങൾ:

∙ ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി 2500 രൂപയായി വർധിപ്പിക്കും. വീട്ടമ്മമാർക്കു പെൻഷൻ നൽകും. 

∙ 60,000 കോടിയുടെ പശ്ചാത്തല വികസന പരിപാടികൾ നടപ്പിലാക്കും. പ്രവാസി പുനരധിവാസത്തിനു മുൻഗണന നൽകും. 

∙ റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കും. 

∙ തീരദേശവികസനത്തിനു 5000 കോടിരൂപയുടെ പാക്കേജ് നടപ്പിലാക്കും. കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് നൽകും. കടലാക്രമണം ചെറുക്കുന്നതിനടക്കം ശാസ്ത്രീയ മാർഗങ്ങൾ കൊണ്ടുവരും

∙ വയോജികരുടെ പ്രശ്നങ്ങൾക്കു പ്രധാന പരിഗണന നൽകും. അടുത്ത 5 വർഷം ഒന്നരലക്ഷം വീടുകൾ നിർമിക്കും. ആദിവാസി–പട്ടികജാതി കുടുംബങ്ങൾക്കെല്ലാം വീട്.

∙ അഞ്ചുവർഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപങ്ങൾ കൊണ്ടുവരും. സൂക്ഷ്മ സംരംഭങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കും. 

∙ സോഷ്യൽ പൊലീസിങ് സംവിധാനം ശക്തിപ്പെടുത്തും.

∙ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഗ്രിഡ് പദ്ധതി

∙ കാർഷിക മേഖലയിൽ 50% വരുമാന വർധന ഉറപ്പുവരുത്തും

∙ ഓരോ വർഷവും പ്രോഗ്രസ് കാർഡ് പുറത്തിറക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com