പിണറായിക്ക് തുടര്‍ഭരണമെന്ന് മനോരമ സര്‍വെ; 82 വരെ സീറ്റുകള്‍ നേടും; നേമത്ത് യുഡിഎഫ് മൂന്നാമത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 10:15 PM  |  

Last Updated: 24th March 2021 10:15 PM  |   A+A-   |  

pinarayi_vijayan

പിണറായി വിജയന്‍ /ചിത്രം ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമെന്ന് മനോരമ - വിഎംആര്‍ അഭിപ്രായ സര്‍വെ.  77 മുതല്‍ 82 വരെ സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിക്കുകയെന്നാണ് പ്രവചനം. യുഡിഎഫ്  54 മുതല്‍ 59 വരെ സീറ്റുകള്‍ നേടിയേക്കും. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നുമാണ് സര്‍വെ റിപ്പോര്‍ട്ട്. 

തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ.  ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണു മുന്‍തൂക്കം. കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന കഴക്കൂട്ടത്തും എല്‍ഡിഎഫിനാണ് സര്‍വേ ജയസാധ്യത പ്രവചിക്കുന്നത്.

സംസ്ഥാനം ഉറ്റുനോക്കുന്ന നേമത്ത് അതി ശക്തമായ പോരാട്ടമാണെന്നും സര്‍വെ പറയുന്നു. എന്‍ഡിഎയ്ക്കാണ് നേരിയ മേല്‍ക്കൈ. സര്‍വേ കാലയളവിലെ അഭിപ്രായപ്രകാരം യുഡിഎഫാണ് മൂന്നാം സ്ഥാനത്താണ്. കെ.മുരളീധരന്‍ സ്ഥാനാര്‍ഥിയായി എത്തുന്നതിന് മുന്‍പാണ് ഈ സര്‍വേ നടത്തിയത്. 

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ എന്ന ചോദ്യത്തിന് നെടുമങ്ങാട് നല്‍കിയ ഉത്തരം: 37 ശതമാനം പേരും അതെയെന്നു രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 33 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.