തുടര്‍ച്ചയായി വിമര്‍ശിക്കുന്നതില്‍ പൊതു സമൂഹത്തിന് സംശയമുണ്ട് , സുകുമാരന്‍നായര്‍ക്കെതിരെ പിണറായി വിജയന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 11:08 AM  |  

Last Updated: 24th March 2021 11:08 AM  |   A+A-   |  

pinarayi vijayan

പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ / ഫെയ്‌സ്ബുക്ക്‌

 

പത്തനംതിട്ട : ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍. തുടര്‍ച്ചയായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പൊതു സമൂഹത്തിന് സംശയമുണ്ട്. അത്തരത്തില്‍ നാട്ടില്‍ പ്രതികരണമുണ്ട്. ഇക്കാര്യം സുകുമാരന്‍നായരും മനസ്സിലാക്കുന്നതാണ് നല്ലത്. തനിക്ക് എന്‍എസ്എസിനോട് പ്രശ്‌നമൊന്നുമില്ല. സര്‍ക്കാരിനും എന്‍എസ്എസിനോട് പ്രശ്‌നമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

എന്താണ് ഒരു പ്രത്യേക തരത്തില്‍ പെരുമാറ്റം വരുന്നതെന്ന് നാട്ടില്‍ അഭിപ്രായമുണ്ട്. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. നിങ്ങളില്‍ പലര്‍ക്കും അദ്ദേഹവുമായി സൗഹൃദമുള്ളവരുണ്ടല്ലോ എന്നും സുകുമാരന്‍നായരുടെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശബരിമലയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. കാര്യങ്ങളെല്ലാം സുഗമമായി പോകുകയാണ്. ശബരിമല കേസ് ഇപ്പോള്‍ സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരിഗണനയിലാണ്. കേസില്‍ വിശാല ബെഞ്ചിന്റെ വിധി വരട്ടെ. അപ്പോള്‍ മാത്രമാണ് ഇക്കാര്യം തുടര്‍ന്ന് ആലോചിക്കേണ്ടത്. 

അത്തരത്തില്‍ വിധി വരുമ്പോള്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത് സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആ തീരുമാനത്തില്‍ ഇപ്പോഴും മാറ്റമൊന്നുമില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലും ചിലര്‍ ശബരിമല, ശബരിമല എന്നു പറഞ്ഞു നടന്നിട്ട് എന്തായി എന്നും മുഖ്യമന്ത്രി ചോദിച്ചു.