പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്, ഇനി ശമ്പളവും മുടക്കണമെന്ന് ആവശ്യപ്പെടുമോ?; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി 

പ്രതിപക്ഷം ജനങ്ങളുടെ അന്നം മുടക്കാന്‍ ശ്രമിക്കുന്നു എന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്, ഇനി ശമ്പളവും മുടക്കണമെന്ന് ആവശ്യപ്പെടുമോ?; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി 

കോഴിക്കോട്: പ്രതിപക്ഷം ജനങ്ങളുടെ അന്നം മുടക്കാന്‍ ശ്രമിക്കുന്നു എന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷണം ഉറപ്പുവരുത്തുമ്പോള്‍ പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു. ഭക്ഷ്യക്കിറ്റ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനത്തെ സ്വാധീനിക്കാനാണ് ഭക്ഷ്യക്കിറ്റ് വിതരണവും സാമൂഹ്യക്ഷേമ പെന്‍ഷനും നേരത്തെ നല്‍കുന്നത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. മെയ് മാസത്തെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പ്രതിപക്ഷ നേതാവ് ആക്ഷേപം ഉന്നയിച്ചത്. ഈ വിവരം അദ്ദേഹത്തിന് എവിടെ നിന്ന് ലഭിച്ചു. മെയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നില്ല. മാര്‍ച്ച് ,ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷനാണ് ഒന്നിച്ച് നല്‍കുന്നത്. അല്ലാതെ മെയ് മാസത്തെ പെന്‍ഷന്‍ ഇപ്പോള്‍ നല്‍കുന്നില്ല. മാര്‍ച്ച്, മെയ് മാസങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായോ പ്രതിപക്ഷ നേതാവ് എന്ന് പിണറായി വിജയന്‍ ചോദിച്ചു.

ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ ഏപ്രില്‍ 14ന് മുന്‍പ് തന്നെ നല്‍കാന്‍ മുന്‍പെ തന്നെ ഉത്തരവിറക്കിയതാണ്. ഇത് പതിവുള്ള കാര്യമല്ല. വിശേഷ സമയങ്ങളില്‍ പെന്‍ഷനും ശമ്പളവും നല്‍കുന്നത് പതിവ് രീതിയാണ്. മെയ് മാസത്തിലെ പെന്‍ഷന്‍ മുന്‍കൂട്ടി നല്‍കുന്നു എന്ന പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് ശമ്പളവും മുടക്കണമെന്നും പറയാന്‍ തയ്യാറാവുമോ എന്നും പിണറായി പരിഹസിച്ചു. ഏപ്രിലിലെ ഭക്ഷ്യക്കിറ്റ് വിതരണം സംബന്ധിച്ച് ഫെബ്രുവരിയില്‍ തന്നെ ഉത്തരവിറക്കിയിരുന്നു. കോവിഡിനെ തുടര്‍ന്ന് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. ഇത് എല്ലാമാസവും തുടരുന്നതാണ്. ഇതിലും പുതുമയില്ലെന്ന് പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com