കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാന്‍ നീക്കം ; കച്ചവടം ഉറപ്പിച്ചതിന്റെ തെളിവുകള്‍ പുറത്തുവരുന്നുവെന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 10:05 AM  |  

Last Updated: 29th March 2021 10:05 AM  |   A+A-   |  

pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫെയ്‌സ്ബുക്ക്‌

 

കണ്ണൂര്‍ : കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസും ബിജെപിയും ലീഗിനൊപ്പമാണ്. ബിജെപി നേതാക്കളുടെ പരാമര്‍ശം ഇത് തെളിയിക്കുന്നു. കച്ചവടം ഉറപ്പിച്ചതിന്റെ തെളിവുകള്‍ പുറത്തുവരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും സിനിമാതാരവുമായ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നത് ലീഗിന്റെ ഗുണത്തിനോ യുഡിഎഫിന്റെ ഗുണത്തിനോ അല്ല, ആത്യന്തികമായി അവരുടെ ഗുണത്തിനാണ് ചിന്തിക്കുന്നത്. 

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാനാണ് ധാരണ. പരസ്പരദാറണയില്‍ കാര്യങ്ങള്‍ നീക്കി. ലീഗിന് നല്ല സ്വാധീനമുള്ള ഒരു മണ്ഡലത്തില്‍ കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു എന്നാണ് ഇത് കാണിക്കുന്നത്. കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഈ തെരഞ്ഞെടുപ്പില്‍ ഏറ്റെടുത്തിരിക്കുകയാണ്. 

അതിന് സ്ഥാനാര്‍ത്ഥിത്വം തള്ളിപ്പോയ മണ്ഡലങ്ങളില്‍ മാത്രമായിരിക്കില്ല, മറ്റു മണ്ഡലങ്ങളിലും പ്രത്യുപകാരം ചെയ്യാമെന്ന് ബിജെപി സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്ക് കൂടി സ്വാകാര്യനാകണമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി, ബിജെപി പ്രീണന നിലപാട് പരസ്യമായി തന്നെ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎന്‍എ ഖാദറുടെ പേര് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പഴയ കോ-ലീ-ബീ സഖ്യത്തില്‍ വിശാല രൂപം സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.