വീട്ടിൽ കയറി മർദിച്ച മകനെ പിതാവ് കാറിടിച്ചു വീഴ്ത്തിയെന്ന് പരാതി; കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 09:20 AM |
Last Updated: 29th March 2021 09:20 AM | A+A A- |
പ്രതീകാത്മക ചിത്രം
കൊച്ചി: വീട്ടിൽ കയറി മർദിച്ച മകനെ പിതാവ് കാറിടിച്ചു വീഴ്ത്തിയെന്ന് പരാതി. മുൻ നഗരസഭാ കൗൺസിലർ സജിക്കാണ് (45) പരുക്കേറ്റത്. പരുക്കേറ്റു റോഡിൽ വീണ സജിയെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ എച്ച്എംടി റോഡിലാണു സംഭവം. ഇരുവരും തമ്മിൽ സ്വത്തുതർക്കങ്ങൾ നിലനിന്നിരുന്നെന്ന് പൊലീസ് പറഞ്ഞു. സജിയുടെ മൊഴിയിൽ പിതാവ് അബൂബക്കറിനെ (70)തിരെ വധശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അബൂബക്കറിനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
എച്ച്എംടി കോളനിയിൽ അബൂബക്കർ താമസിക്കുന്ന വീട്ടിൽ സജി ആയുധവുമായെത്തി ഭീഷണി മുഴക്കുകയും അദ്ദേഹത്തിന്റെ ഡ്രൈവറുമായി കയ്യേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് സജി ബൈക്കിൽ മടങ്ങി പോയി. പിന്നാലെ പുറത്തേക്കു പോയ അബൂബക്കറിന്റെ കാറിനു മുന്നിൽ സജി ബൈക്ക് വട്ടം വച്ചു പ്രകോപനമുണ്ടാക്കിയെന്നും ഇതേതുടർന്നാണ് കാർ ബൈക്കിൽ ഇടിച്ചതെന്നുമാണ് പറയുന്നത്.