ഇനി മത്‌സരിക്കാനില്ല ; തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് ഇ പി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 12:54 PM  |  

Last Updated: 30th March 2021 12:54 PM  |   A+A-   |  

jayarajan

ഇ പി ജയരാജന്‍ /ഫയല്‍ ചിത്രം

 

കണ്ണൂര്‍ : തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നു എന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്‌സരിക്കാനില്ല. പാര്‍ട്ടി പറഞ്ഞാലും മത്‌സരരംഗത്തേക്കില്ല. പാര്‍ട്ടി പറഞ്ഞാല്‍ തന്റെ നിലപാട് വ്യക്തമാക്കും. മത്‌സരിക്കാന്‍ സീറ്റ് ലഭിക്കാത്തതാണോ ഈ തീരുമാനത്തിന് പിന്നിലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നും ജയരാജന്‍ പ്രതികരിച്ചു.

മൂന്ന് ടേം എംഎല്‍എയായി, മന്ത്രിയായി. മന്ത്രിപദത്തില്‍ നിന്നും പോയപ്പോള്‍ തിരിച്ചുവരണമെന്നുണ്ടായിരുന്നു. തന്റെ സംശുദ്ധത ജനങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നു. മന്ത്രിപദത്തില്‍ തിരിച്ചെത്തി അത് സാധിച്ചു. ഇനി അതിന് അപ്പുറത്തേക്ക് ഉദ്ദേശിക്കുന്നില്ല. എന്റെ നിലപാടാണ് പറഞ്ഞത്. എന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്നാണ് തോന്നുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

'എനിക്ക് പ്രായമൊക്കെയായി, ഈ കാണുന്നതല്ല, രോഗമൊക്കെ വന്നു. അതുകൊണ്ട് ഇന്നത്തെ നിലയില്‍ കൂടുതല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള  ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. നിങ്ങള്‍ കാണുന്ന പ്രായമൊന്നുമല്ല എനിക്ക്. 70 വയസ്സ് എന്നത് ഒരു പ്രായം തന്നെയാണെന്നും' ഇ പി ജയരാജന്‍ പറഞ്ഞു.

പിണറായി വിജയന്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍, 'അദ്ദേഹത്തിന്റെ അടുത്തൊന്നും ഞങ്ങളില്ല. അദ്ദേഹം ആരാ..?. അദ്ദേഹം പ്രത്യേക കഴിവും ശക്തിയും ഊര്‍ജ്ജവും ഉള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ സാധിച്ചെങ്കില്‍ ഞാന്‍ മഹാപുണ്യവാനായിത്തീരും. അദ്ദേഹം ആകാന്‍ കഴിയുന്നില്ലല്ലോ എന്നതാണ് എന്റെ ദുഃഖമെന്നും' ഇ പി ജയരാജന്‍ പറഞ്ഞു.