മാറിമറിഞ്ഞ് നേമം, ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ പിന്നില്‍; ജോസ് കെ മാണിക്ക് നേരിയ ലീഡ്

കടുത്ത മത്സരം നടക്കുന്ന നേമത്ത് ബിജെപിയുടെ കുമ്മനം രാജശേഖരനാണ് മുന്നില്‍ നില്‍ക്കുന്നത്
മാറിമറിഞ്ഞ് നേമം, ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ പിന്നില്‍; ജോസ് കെ മാണിക്ക് നേരിയ ലീഡ്

8.47: ഇടുക്കി ജില്ലയില്‍ മൂന്നിടത്ത് യുഡിഎഫ് മുന്നില്‍ പീരുമേട്, ദേവികുളം, തൊടുപുഴ മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു
മൂവാറ്റുപുഴയില്‍ യുഡിഎഫിന്റെ മാത്യു കുഴല്‍നാടന്‍ മുന്നില്‍
ഏലത്തൂരില്‍ എ കെ ശശീന്ദ്രന്‍ 200 വോട്ടിന് മുന്നില്‍

തിരുവനന്തപുരം: വോട്ടെണ്ണലിന്റെ തുടക്കത്തില്‍ പ്രമുഖ നേതാക്കള്‍ മുന്നില്‍. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയും തളിപ്പറമ്പില്‍ എം വി ഗോവിന്ദനും പാലായില്‍ ജോസ് കെ മാണിയും മുന്നിട്ട് നില്‍ക്കുകയാണ്. പാലായില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കേവലം ഏഴു വോട്ടിനാണ് ജോസ് കെ മാണി ലീഡ് ഉയര്‍ത്തുന്നത്. 

കടുത്ത മത്സരം നടക്കുന്ന നേമത്ത് ബിജെപിയുടെ കുമ്മനം രാജശേഖരനാണ് മുന്നില്‍ നില്‍ക്കുന്നത്. മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മുന്നിട്ട് നില്‍ക്കുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്താണ് ലീഡ് ഉയര്‍ത്തുന്നത്. സിനിമാതാരം മത്സരിക്കുന്നതിലൂടെ ശ്രദ്ധാകേന്ദ്രമായ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി പിന്നിലാണ്. ഉറച്ച എല്‍ഡിഎഫ് മണ്ഡലമായ ബാലുശ്ശേരിയില്‍ സച്ചിന്‍ദേവാണ് ലീഡ് ഉയര്‍ത്തുന്നത്. പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ് കുമാറാണ് മുന്നിട്ട് നില്‍ക്കുന്നത്. കണ്ണൂരില്‍ നാലിടത്ത് യുഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞതവണ ഒരു മുന്നണിയുടെയും ഭാഗമാകാതെ മത്സരിച്ച് വിജയിച്ച് ശ്രദ്ധ നേടിയ പി സി ജോര്‍ജ് ഇത്തവണ പിന്നിലാണ്. പൂഞ്ഞാറില്‍ എല്‍ഡിഎഫാണ് മുന്നിട്ട്് നില്‍ക്കുന്നത്.

മന്ത്രി കെ ടി ജലീല്‍ മത്സരിക്കുന്ന തവനൂരില്‍ എല്‍ഡിഎഫ് പിന്നിലാണ്. ഫിറോസ് കുന്നുപറമ്പിലാണ് ലീഡ് ഉയര്‍ത്തുന്നത്. കൊല്ലത്ത് സിറ്റിങ് എംഎല്‍എയായ മുകേഷ് പിന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയാണ് മുന്നിട്ടുനില്‍ക്കുന്നത്.


 തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്.  എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com