'നിരക്ക് കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല', ആര്‍ടി- പിസിആര്‍ നിരക്ക് കുറച്ചതിനെതിരെ ലാബുടമകള്‍ ഹൈക്കോടതിയില്‍ 

കോവിഡ് പരിശോധനയ്ക്കുള്ള ആര്‍ടി- പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചതിനെതിരെ ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കോവിഡ് പരിശോധനയ്ക്കുള്ള ആര്‍ടി- പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചതിനെതിരെ ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കുക, അല്ലെങ്കില്‍ സബ്‌സിഡി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ആര്‍ടി-പിസിആര്‍ ടെസ്റ്റിന് 500 രൂപയാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ്. വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കുകയോ നഷ്ടം നികത്തുന്നതിനായി സബ്‌സിഡി അനുവദിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിക്കുകയോ വേണമെന്നാണ് മുഖ്യമായി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 

ഐസിഎംആറിന്റെ ഉത്തരവിന്റെ ലംഘനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. നിരക്ക് നിശ്ചയിക്കാന്‍ ലാബുടമകള്‍ക്കുള്ള അധികാരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കൈകടത്തിയത്. നഷ്ടം സഹിച്ചും ആര്‍ടി-പിസിആര്‍ പരിശോധന തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറയുന്നു. നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ നിലവാരം കുറയാന്‍ ഇടയാക്കും. ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com