'പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു'- എം ലിജു ആലപ്പുഴ ഡിസിസി സ്ഥാനം രാജിവച്ചു

പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു- എം ലിജു ആലപ്പുഴ ഡിസിസി സ്ഥാനം രാജിവച്ചു
എം ലിജു/ ഫെയ്സ്ബുക്ക്
എം ലിജു/ ഫെയ്സ്ബുക്ക്

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ആലപ്പുഴ ജില്ലാ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന്  എം ലിജു രാജിവച്ചു. ജില്ലയിലെ കോൺ​ഗ്രസ് പാർട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ലിജു സ്ഥാനം രാജിവച്ചിരിക്കുന്നത്. 

ആലപ്പുഴയിൽ ഹരിപ്പാട് മാത്രമാണ് കോൺ​ഗ്രസിന് വിജയം സ്വന്തമാക്കാൻ സാധിച്ചത്. എം ലിജു അമ്പലപ്പുഴയിൽ മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിജയിച്ചത്. 

പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ലിജു വ്യക്തമാക്കി. രമേശ് ചെന്നിത്തലയടക്കമുള്ളവരുമായി ആലോചിച്ചാണ് രാജി തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. 

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സ്ഥലത്തും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ആലപ്പുഴയിൽ ഷാനി മോൾ ഉസ്മാൻ തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലിജു രാജി സന്നദ്ധത അറിയിച്ചിരുന്നു.  നേതൃത്വം വേണ്ടെന്ന് പറഞ്ഞതോടെ അദ്ദേഹം അന്ന് തീരുമാനം മാറ്റുകയായിരുന്നു. 

എന്നാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിന്ന് തോൽവി നേരിട്ടതോടെയാണ് ലിജു സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com