എഴുപത്തൊന്നുകാരിക്ക് ജനിച്ച കുഞ്ഞിന് 45ാം ദിവസം ദാരുണാന്ത്യം, മരിച്ചത് പാൽ തൊണ്ടയിൽ കുടുങ്ങി

കൺനിറയെ കാണുന്നതിന് മുൻപേ കുഞ്ഞ്  മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ; എഴുപത്തൊന്നാം വയസിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് റിട്ടയേഡ് അധ്യാപികയായ സുധർമ വാർത്തകളിൽ നിറയുന്നത്. എന്നാൽ ഈ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. കൺനിറയെ കാണുന്നതിന് മുൻപേ കുഞ്ഞ്  മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. ജനിച്ച് 45ാം ദിവസമാണ് മകളുടെ അപ്രതീക്ഷിത വിയോ​ഗം. 

പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണത്തിന് കാരണമായത്. തിങ്കളാഴ്ച വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു. കൃത്രിമ ഗർഭധാരണത്തിലൂടെ 18നാണ് രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട.അധ്യാപിക സുധർമ പെൺകുഞ്ഞിന് ജന്മം നൽകിയത്. 

ആലപ്പുഴ മെഡിക്കൽ കോളജിൽ സ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28നു രാമപുരത്തെ വീട്ടിൽ കൊണ്ടുവന്നു. സുധർമയും ഭർത്താവ് റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷൻ ഓഫിസർ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചു. കുഞ്ഞിന്റെ തൂക്കം കൂടി കൂടുതൽ ആരോ​ഗ്യവതിയായതിന്റെ സന്തോഷത്തിനിടെയാണ് അപ്രതീക്ഷിത വിയോ​ഗം. ഒന്നര വർഷം മുൻപ് 35 വയസ്സുള്ള ഇവരുടെ മകൻ സുജിത് സൗദിയിൽ‌ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്നു സുധർമയും സുരേന്ദ്രനും ആഗ്രഹിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com