മാടമ്പ് കുഞ്ഞുകുട്ടന്‍/ ചിത്രം: കണ്ണന്‍ സൂരജ്
മാടമ്പ് കുഞ്ഞുകുട്ടന്‍/ ചിത്രം: കണ്ണന്‍ സൂരജ്

'ഞാനൊരു ഹിന്ദു കമ്യൂണിസ്റ്റ്'

തൃശ്ശൂരിനടുത്ത് കിരാലൂര്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരിയെന്ന കുഞ്ഞുകുട്ടനു തനിക്കു ശരിയെന്നു തോന്നുന്നതു ധൈര്യപൂര്‍വം വിളിച്ചുപറഞ്ഞാണു ശീലം

സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച അന്തരിച്ച എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം: 

തൃശ്ശൂരിനടുത്ത് കിരാലൂര്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരിയെന്ന കുഞ്ഞുകുട്ടനു തനിക്കു ശരിയെന്നു തോന്നുന്നതു ധൈര്യപൂര്‍വം വിളിച്ചുപറഞ്ഞാണു ശീലം. യൗവനത്തിലേറിയ കൂറും ഇടതുപക്ഷത്തെ അനുയാത്ര ചെയ്ത അദ്ദേഹത്തിനു പ്രമുഖ ഇടതുപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുടെയും അഭിപ്രായങ്ങളോടു വിയോജിപ്പു തോന്നിയപ്പോള്‍, കമ്യൂണിസ്റ്റ് എന്ന പദം തന്നെ വിശേഷിപ്പിക്കുന്നതില്‍നിന്ന് ഒഴിവാക്കാതെത്തന്നെ ഹിന്ദുത്വരാഷ്ര്ടീയത്തോടു സന്ധി ചെയ്യാന്‍ മടി തോന്നിയില്ല. തോറ്റുപോയെങ്കിലും അദ്ദേഹം ഒരിക്കല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് ആശയങ്ങളോട് വിയോജിപ്പല്ല, യോജിപ്പുമുണ്ടെന്നു പറയുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്റെ മതപരവും ദേശീയവും പ്രാദേശികവുമായ പൈതൃകത്തോടുള്ള കടുത്ത ആരാധനാഭാവം നിറഞ്ഞുനില്‍ക്കുന്നതു കാണാനാകും. 

എങ്കിലും ഈ ആരാധനപോലും തനിക്കു ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍ ധീരതയോടെ വ്യക്തമാക്കാന്‍ അദ്ദേഹത്തിനു തടസ്‌സമാകാറില്ല. അതാണ് ഒടുവില്‍ കിരാലൂര്‍ സ്‌കൂളിന്റെ കാര്യത്തിലും സംഭവിച്ചത്. തന്റെ വാക്കുകള്‍ അദ്ദേഹം പിന്നീടു മയപ്പെടുത്തുന്നുവെങ്കിലും.ആനക്കമ്പക്കാരനായ മാടമ്പിനു പാര്‍ട്ടികള്‍ക്കോ രാഷ്ര്ടീയത്തിനോ മെരുക്കിയെടുക്കാന്‍ കഴിയാത്ത ഒറ്റയാന്‍ പ്രകൃതമാണ് എഴുത്തിലും രാഷ്ര്ടീയത്തിലും. അദ്ധ്യാപകന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ പല വേഷങ്ങളണിഞ്ഞിട്ടുള്ള മാടമ്പ് ക്ഷുഭിതയൗവനത്തിന്റെ തീവെയില്‍ ചൂടേറ്റ എഴുപതുകളിലാണ് എഴുതിത്തുടങ്ങുന്നത്. 

പ്രതിജീവിതത്തിന്റെ കാലാതിവര്‍ത്തിയായ പ്രതീകമായ പുരാണ കഥാപാത്രത്തെ നായകനാക്കി എഴുതിയ അശ്വത്ഥാമാവിനുശേഷം അദ്ദേഹമെഴുതിയ ഭ്രഷ്ട് സ്വസമുദായത്തിലെ സ്ത്രീവിരുദ്ധ പാരമ്പര്യങ്ങളുടെ ശക്തമായ വിമര്‍ശനമായി മാറി. നേരത്തെ ചൂണ്ടിക്കാണിച്ച അദ്ദേഹത്തിന്റെ സ്വപൈതൃകത്തോടുള്ള ആരാധനാഭാവം എഴുത്തില്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്‌കരിക്കുന്ന കാര്യത്തിലും തടസ്‌സമായി വന്നില്ല. മരാരാശ്രീയിലും അവിഘ്‌നമസ്തുവിലും സ്വസമുദായത്തിലെ ജീവിതത്തിന്റെ ചിത്രണം നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതു തന്റെ ആരാധനാഭാവത്തെ എഴുത്തില്‍നിന്നു മാറ്റിനിര്‍ത്താനായതുകൊണ്ടാണ്. പക്ഷേ, കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ മഹാപ്രസ്ഥാനം തന്റെ ദേശത്തിന്റെ ആത്മീയപാരമ്പര്യത്തോടുള്ള കൂറു പ്രകടമാക്കുന്നതാണ്. അശ്വത്ഥാമാവില്‍നിന്നു മഹാപ്രസ്ഥാനത്തിലെത്തുമ്പോള്‍ എഴുത്തുകാരനു സംഭവിച്ച കാഴ്ചപ്പാടിലുള്ള പരിണാമം സുസ്പഷ്ടമാകുന്നു. ഇങ്ങനെ തന്റെ ആശയപരമായ നിലപാടുകളില്‍ സുതാര്യതയോടൊപ്പം സത്യസന്ധതയും അന്വേഷണസഹജമായ സ്ഥിരതയില്ലായ്മയും സൂക്ഷിക്കുന്ന മാടമ്പിന് ഈ ഗുണങ്ങള്‍ തന്റെ രാഷ്ര്ടീയ കാഴ്ചപ്പാടില്‍നിന്നും മാറ്റിനിര്‍ത്താനാകില്ല. തന്റെ സാഹിത്യ- രാഷ്ര്ടീയ-സാമൂഹ്യ കാഴ്ചപ്പാടുകളെ സംബന്ധിച്ച് അദ്ദേഹം സമകാലിക മലയാളത്തോട് വിശദമായി സംസാരിച്ചു. 

പ്രസക്തഭാഗങ്ങള്‍:

ആധുനികതയുടെ കാലത്ത് വളരെ ഗൗരവമായി വായിക്കപ്പെട്ടിരുന്ന ഒരു എഴുത്തുകാരനാണല്ലോ താങ്കള്‍. അന്ന് എഴുതിത്തുടങ്ങിയ ഒരാളെന്ന നിലയില്‍ ഇക്കാലത്തെ എഴുത്തുജീവിതത്തിന് എന്തു സംഭവിച്ചുവെന്നാണു താങ്കള്‍ കരുതുന്നത്?

സത്യം പറയാം. ഇപ്പോഴുള്ള എഴുത്തൊന്നും എനിക്കത്ര പരിചയമില്ല. വായന ഇല്ലാതായി എന്നല്ല ഇതിനര്‍ത്ഥം. ഞാനിപ്പോഴും വായിക്കുന്നുണ്ട്. പക്ഷേ, ആനുകാലികങ്ങളൊന്നും വായിക്കാറില്ല. എഴുപതുകളിലാണ് ഞാനെഴുതിത്തുടങ്ങുന്നത്. പത്തുനാല്പത്തിയഞ്ചുകൊല്ലം മുന്‍പ്. എന്തായാലും അന്ന് എഴുതിത്തുടങ്ങുന്നതും ഇന്നെഴുതിത്തുടങ്ങുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ടല്ലോ. രണ്ടുകാലത്തിലല്ലേ നമ്മള്‍ ജീവിക്കുന്നത്. ആ വ്യത്യാസം എഴുത്തിലുമുണ്ടാകണമല്ലോ.

എങ്ങനെ, എവിടെയായിരുന്നു എഴുത്തിന്റെ തുടക്കം?

ആനുകാലികങ്ങളിലൊന്നും ഞാനെഴുതിയിട്ടില്ല. അക്കാലത്തൊക്കെ പലരും ബാലപംക്തിയിലൊക്കെയാണ് എഴുതിത്തുടങ്ങാറ്. എന്റെ കാര്യത്തില്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ആദ്യമായി എഴുതിയത് അശ്വത്ഥാമാവാണ്. മാതൃഭൂമിയില്‍ വന്നു. കൊടുങ്ങല്ലൂരില്‍ താമസിക്കുന്ന കാലത്താണ് എഴുത്തും വായനയും സജീവമായി ഉണ്ടാകുന്നത്. കൊടുങ്ങല്ലൂരില്‍ കുഞ്ഞുകുട്ടി തമ്പുരാട്ടി എന്ന ഒരു വിദുഷി ഉണ്ടായിരുന്നു. അവരുടെ സംസ്‌കൃത വിദ്യാപീഠത്തില്‍ മലയാള അധ്യാപകനായി വന്നുപെട്ടതായിരുന്നു ഞാന്‍. ആ തമ്പുരാട്ടി എന്റെ ഒരു കാര്‍ന്നോരുടെ ഇഷ്ടപ്പെട്ട ശിഷ്യയായിരുന്നു. ചിത്രന്‍ നമ്പൂതിരി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. താര്‍ക്കികനും പണ്ഡിതനുമായ ചിത്രന്‍ നമ്പൂതിരി കൊടുങ്ങല്ലൂര്‍ കളരിയില്‍ പെട്ടയാളുമായിരുന്നു. കോളേജിലൊന്നും ഞാന്‍ പോയിട്ടില്ല. ഇവിടെ ഈ വീട്ടിലിരുന്നു പഠിക്കാവുന്നതൊക്കെ പഠിച്ചു പടിഞ്ഞുകൂടുക എന്നതിലപ്പുറം. ഒരു ട്യൂട്ടറായി വീട്ടില്‍ താമസിച്ചുതന്നെ പഠിപ്പിക്കുക എന്നതായിരുന്നു ആളുടെ ഒരു രീതി. പരമേശ്വരന്‍ ഉണ്ണിത്താന്‍ എന്നായിരുന്നു പേര്. കോണ്‍ഗ്രസോ എന്തൊക്കെയോ ആയിട്ടു തെക്കുനിന്നു വന്നതാണ്. ഞങ്ങളുടെ പഠിപ്പുകഴിഞ്ഞ് അദ്ദേഹം ഇവിടെനിന്നു പോയി. സന്യാസം സ്വീകരിച്ചു. പില്‍ക്കാലത്തു സ്വാമി ജ്ഞാനാന്ദ സരസ്വതി എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. പിന്നെ ഒരു ശങ്കരന്‍ നമ്പീശന്‍ ഉണ്ടായിരുന്നു. 

എന്തൊക്കെയായിരുന്നു പഠിപ്പിച്ചിരുന്നത്?

അങ്ങനെ ചോദിച്ചാല്‍ ആള്‍ക്കും നിശ്ചയമുണ്ടാവില്ല... അങ്ങനെയൊരു സിലബസോ ടെക്‌സ്റ്റ് പുസ്തകമോ ഒന്നുമില്ല. സംസ്‌കൃതവും ഗണിതവുമൊക്കെ പഠിപ്പിച്ചിട്ടുണ്ടാകണം. ഒരു ടെക്സ്റ്റ് ഫോളോ ചെയ്യണ ഏര്‍പ്പാടൊന്നുമുണ്ടായിട്ടില്ല. സഹപാഠികളായി ഇപ്പോ ഓസ്‌ട്രേലിയയിലുമുള്ള ഏട്ടന്‍, ചെറിയച്ഛന്റെ മകനുള്‍പ്പെടെ ചിലരൊക്കെ ഉണ്ടായിരുന്നു. അങ്ങനെയൊക്കെയാണു പഠിച്ചത് എന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. ഇംഗ്‌ളീഷും സംസ്‌കൃതവുമൊക്കെ പഠിച്ചു. പക്ഷേ, ഇംഗ്‌ളീഷ് പഠിപ്പിക്കാന്‍ പിന്നീടു വേറൊരു മാഷ് ഉണ്ടായി. വേലൂര്‍ സ്്കൂളിലെ സുന്ദരയ്യര്‍ മാഷ്. വേലൂര്‍ സ്‌കൂളില്‍ ഞാന്‍ എട്ട്, ഒമ്പത്, പത്തു പഠിച്ചു. ഏഴില്‍ പബ്‌ളിക് എക്‌സാമിനേഷന്‍ ഉണ്ടായിരുന്നു അന്ന്. അതുജയിച്ചിട്ടാണു ഞാന്‍ വേലൂര്‍ സ്‌കൂളില്‍ ചേരുന്നത്. പത്തില്‍ ഞാന്‍ ഭംഗിയായി തോറ്റു. ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളിലും ഞാന്‍ തോറ്റിട്ടുണ്ട്. ഒടുക്കം ഇല ക്ഷനു നിന്നു. അതും തോറ്റു. ജയിക്കാവുന്ന ഒരു സംഗതി അതായിരുന്നു. അവിടെയും തോറ്റു. തോല്‍വിയുടെ ഒരു പരമ്പരതന്നെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഈ തോല്‍വികളൊന്നും ഉള്ളില്‍ തട്ടുകയുണ്ടായിട്ടില്ല. തോറ്റുകഴിഞ്ഞാല്‍ തോറ്റു, അത്രതന്നെ. എന്റെ കാര്‍ന്നോരും അങ്ങനെതന്നെയായിരുന്നു. പരീക്ഷയില്‍ തോറ്റാല്‍ ഇന്നത്തെ കാലത്തെപ്പോലെ എന്തിനാ തോറ്റത് എന്നു ചോദിച്ചു വഴക്കുപറയുകയോ തല്ലുകയോ ചെയ്യുന്ന ഏര്‍പ്പാടൊന്നും അന്നില്ല. 

അന്നത്തെ ഒരു സാമൂഹ്യാവസ്ഥ കൂടി മനസ്‌സില്‍ വെയ്ക്കണം അതു പറയുമ്പോള്‍, അല്ലേ?അതേയതേ... മത്സരങ്ങളൊട്ടുമില്ലാത്ത കാലമായിരുന്നു അത്. എന്റെ കാര്‍ന്നോര്‍ക്കും തോല്‍വി വലിയ ഗൗരവമുള്ള കാര്യമായിരുന്നില്ല. പക്ഷേ, അവരൊക്കെയും പഠിച്ചവരായിരുന്നു. ഞങ്ങള്‍ നാലു സഹോദരന്മാരും നാലു സഹോദരിമാരുമായിരുന്നു. മൂന്നു സഹോദരിമാര്‍ മരിച്ചുപോയി. പിന്നെ ഞങ്ങള്‍ നാല് ആണുങ്ങളുണ്ട്. വലിയ ജന്മിമാരൊന്നുമായിരുന്നില്ല. കഴിഞ്ഞുകൂടാനൊക്കെ ഉണ്ടായിരുന്നുവെന്നു മാത്രം. മറ്റുള്ളവരില്‍നിന്നുള്ള ഒരു സവിശേഷത ഞങ്ങള്‍ക്കുള്ളതു ഞങ്ങള്‍ക്കു കൃഷി ചെയ്യാനൊക്കെ ഉണ്ടായിരുന്നുവെന്നതാണ്. പാട്ടത്തിനൊന്നും കൊടുത്തല്ലായിരുന്നു കൃഷിപ്പണി. ഞങ്ങള്‍ തന്നെയായിരുന്നു കൃഷിയിറക്കിയിരുന്നത്. വല്ലാത്ത ദാരിദ്ര്യമൊന്നും ഉണ്ടായിരുന്നില്ല.

വിശപ്പ് മാടമ്പിന്റെ ഭ്രഷ്ട്, അശ്വത്ഥാമാവ് തുടങ്ങിയ കൃതികളിലൊക്കെ കടന്നുവരുന്നുണ്ട്, അല്ലേ? അയ്യേ ഇക്കുട്ടിയെന്താ മൂക്കിള തിന്നുന്നത് എന്ന ചോദ്യത്തിനു വിശന്നിട്ടല്ലേ, തിന്നോട്ടെ എന്നു പറയുന്ന ഒരു കഥാപാത്രമുണ്ട്?ഉണ്ട്. ഉണ്ട്. കടന്നുവരുന്നുണ്ട്. എഴുത്തിലേക്കു തിരിയാന്‍ എന്തായിരുന്നു കാരണം?അങ്ങനെ പ്രത്യേകിച്ചൊരു കാരണമൊന്നുമില്ല. എഴുതണം തോന്നി. എഴുതി. അത്രതന്നെ. കാര്‍ന്നോന്മാരിലും എഴുതുന്നവരുണ്ടായിരുന്നു. എന്റെ അച്ഛന്റെ ചെറിയച്ഛന്‍, നേരത്തെ പറഞ്ഞില്ലേ..കൊടുങ്ങല്ലൂര്‍ കളരിയിലെ ചിത്രന്‍ നമ്പൂതിരി കൗടില്യന്റെ അര്‍ത്ഥശാസ്ത്രം തുടങ്ങി ചില സംസ്‌കൃത ക്‌ളാസിക്കുകള്‍ തര്‍ജ്ജുമപ്പെടുത്തിയിട്ടുണ്ട്. ഒരു സ്വതന്ത്രകൃതിയുമുണ്ട്. പേരോര്‍മയില്ല. പക്ഷേ, അദ്ദേഹവുമായി സമ്പര്‍ക്കമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം വളരെ ഉയരത്തില്‍ ഇരിക്കുന്നയാളാ. ഇവിടെയുണ്ടായിരുന്നുവെന്നല്ലാതെ, ഞങ്ങള്‍ കുട്ടികള്‍ക്ക് അപ്രാപ്യനായിരുന്ന ആളായിരുന്നു അദ്ദേഹം. ഞങ്ങള്‍ കുട്ടികളെ ആളു ചീത്ത പറയുകയൊന്നുമുണ്ടായിരുന്നില്ല. പത്തില്‍ തോറ്റശേഷം കുറേക്കാലം ഒരു പണിയുമില്ലാതെ നടക്കുകയായിരുന്നു. ആനയുണ്ട്. ആനക്കമ്പവും അന്നുമുണ്ട്. അച്ഛന് ആനയുണ്ടായിരുന്നു. പലപ്പോഴായി നിരവധി ആനകള്‍. ഞാന്‍ ബേസിക്കലി ആറാട്ടുപുഴക്കാരനാണ്. ആറാട്ടുപുഴക്കാര്‍ക്കും ആനയും ഉത്സവവുമൊക്കെ ഒഴിവാക്കാനാകില്ല. 

കരിയും കരിമരുന്നുമൊന്നും വേണ്ട എന്നൊന്നും തോന്നില്ല. മനുഷ്യന്‍ അപ്പം കൊണ്ടുമാത്രം ജീവിക്കുന്നവരല്ലല്ലോ. ഉത്സവങ്ങളൊക്കെ വേണം. മൂന്നു നേരം ചോറുമാത്രം കിട്ടിയാല്‍ മതി, വേറൊന്നും വേണ്ട എന്നു ജീവിച്ചാല്‍ കാര്യമാത്രപ്രസക്തമായിട്ടും ജീവിക്കാന്‍ പറ്റാതെ വരും. നാരായണഗുരു ക്ഷേത്രങ്ങള്‍ തന്നെ വേണ്ട എന്നു പറഞ്ഞയാളാണ്. അദ്ദേഹത്തിനെ പ്രതിഷ്ഠയാക്കിയിട്ടുള്ള അനവധി ക്ഷേത്രങ്ങളുണ്ട്. സ്ഥാപിച്ച ക്ഷേത്രങ്ങളുമുണ്ട്. അവിടെയൊക്കെ ആഡംബരമില്ലേ? പത്തില്‍ തോറ്റതിനുശേഷം വെറുതേ നടന്നു. എന്താ ഇങ്ങനെ നടക്കുന്നതെന്ന് ആരും ചോദിച്ചില്ല. ചോദിക്കുന്ന പതിവും ഉണ്ടായിരുന്നില്ല. ഏട്ടന്‍ പഠിച്ചു പരീക്ഷയൊക്കെ പാസ്‌സായി ഓസ്‌ട്രേലിയയിലേക്കു പോയി. ഇരുപതുകൊല്ലം കഴിഞ്ഞ ഒരനുജനും പോയി. ഞാന്‍ മാത്രം ഇങ്ങനെ. ഇങ്ങനെയെന്തേ എന്നു ചോദിച്ചാല്‍ ചില ജാതകങ്ങള്‍ ഇങ്ങനയാണെന്നേ പറയാവൂ. പരീക്ഷയ്ക്കു തോറ്റെങ്കിലും വായന എന്നുമുണ്ടായിരുന്നു. ഡിറ്റക്ടീവ് നോവലുകളൊക്കെയായിരുന്നു കമ്പം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡ്രാക്കുള ഖണ്ഡശ്ശയായി വരുന്നുണ്ടായിരുന്നു. അറുപതുകളിലാണ് എന്നാണ് ഓര്‍മ. അന്ന് അടുത്ത ലക്കത്തിനു കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ട് ഇംഗ്‌ളീഷിലുള്ള മൂലകൃതി ഞാന്‍ മെനക്കെട്ടു വായിച്ചു. സിനിമയിലേക്കു കടന്നതിനും കാരണമില്ലായിരുന്നു. ജാതകവശാല്‍ അതങ്ങനെ സംഭവിച്ചുവെന്നു മാത്രം. എഴുത്തിലേക്കു കടന്നതുപോലെത്തന്നെ. ചിലരൊക്കെ കവിതയിലാണ് എഴുതിത്തുടങ്ങുക. ഞാനിന്നേവരെ ഒരു കവിതയുമെഴുതിയിട്ടില്ല. എന്തുകൊണ്ടാണ് എന്നു ചോദിച്ചാല്‍ ഞാനങ്ങനെ എഴുതിയിട്ടില്ലെന്നു മാത്രമേ പറയാന്‍ പറ്റൂ. 

അശ്വത്ഥാമാവ് എഴുപതിലാണ് എഴുതുന്നത്. സിനിമയായിട്ടു വരുന്നത് എണ്‍പതിലും. മലയാള സാഹിത്യത്തില്‍ വളരെയധികം വായിക്കപ്പെട്ട കോവിലന്‍, എം.സുകുമാരന്‍ തുടങ്ങിയവരെപ്പോലെ വായിക്കപ്പെട്ട ആളായിരുന്നു മാടമ്പും. ഒരു കൃതിയില്‍ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപ്പറ്റി അസ്വസ്ഥനാകുന്ന ഒരു കഥാപാത്രം പിന്നീടു ഭാഗവതത്തില്‍ ഇതേപ്പറ്റിയുള്ള ഒരു ശ്‌ളോകം കേട്ടു ശാന്തനായി ഉറങ്ങുന്നുമുണ്ട്. ഏറെ ഇടതുപക്ഷാഭിമുഖ്യമുള്ള കാലത്താണു മാടമ്പ് ഇതെഴുതുന്നത്. ഇതെങ്ങനെ സംഭവിച്ചു?ഏതാണ് ഈ കഥാപാത്രമെന്ന് ഓര്‍മയില്ല. എന്തായാലും ബോധപൂര്‍വമല്ല, എഴുത്തുപോലെതന്നെ. പിന്നെ ഭാഗവതവും ഭാരതവുമൊക്കെ വായിക്കാത്ത ഏതെങ്കിലും എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അയാളെ തല്ലണം. കാള്‍ മാര്‍ക്‌സിനെയും ഞാന്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളും എന്നെ സ്വാധീനിച്ചിട്ടുണ്ടാകില്ലേ. കാള്‍ മാര്‍ക്‌സിന്റെ വരികളും ഞാന്‍ ചിലയിടത്തൊക്കെ ക്വാട്ട് ചെയ്തിട്ടുണ്ടാകും. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കൃതി ഇരുന്നൂറു പേജോളം വായിച്ചിട്ട് എന്റെ ശ്രദ്ധയാകര്‍ഷിച്ച ഒരേയൊരു വരി ദ അണ്‍ടൈംലി എന്‍ഡ് ഓഫ് എ സോനറ്റ എന്ന ഒരേയൊരു വരിയാണ്. അതുതന്നെ അദ്ദേഹത്തിന്റെയല്ല, അദ്ദേഹം വേറെയാരെയോ ക്വാട്ടു ചെയ്തതാണ്. 

ഇടതുപക്ഷത്തുനിന്നു ഹിന്ദു വലതുപക്ഷത്തേക്കുള്ള പരിണാമത്തിനു കാരണമെന്താണ്? ഇരുപത്തിയഞ്ചുവര്‍ഷം മുന്‍പു ഞാനെഴുതിയിട്ടുണ്ട്. ഞാനൊരു ഹിന്ദു കമ്യൂണിസ്റ്റാണെന്ന്. ഇന്നും അങ്ങനെയൊരു മാറ്റം ഉണ്ടായിട്ടില്ല. ഇ.എം.എസ്. അതുകേട്ടപ്പോള്‍ ചോദിച്ചത് അതെന്തു കമ്യൂണിസ്റ്റാണെന്നാണ്. മാര്‍ക്‌സ് എഴുതിയപോലെ ഭൗതികമായ അടിത്തറയിലാണ് ആത്മീയതയും നിലനില്‍ക്കുന്നത്. സാമ്പത്തിക അടിത്തറയിലാണു സാംസ്‌കാരിക മേല്‍പ്പുര നിലനില്‍ക്കുന്നതോ എന്നൊക്കെ നിങ്ങള്‍ വ്യാഖ്യാനിച്ചോളൂ. ഇനി അതങ്ങനയല്ല എന്നു പറഞ്ഞാല്‍ ഞാന്‍ നുണയാണെന്നേ പറയൂ. നമ്മുടെ മിക്ക കമ്യൂണിസ്റ്റ് തിയററ്റീഷ്യന്‍സും അഗാധ സംസ്‌കൃതപണ്ഡിതന്‍മാരായിരുന്നവരാണ്. എന്‍.ഇ. ബലറാം മുതല്‍ ഉണ്ണിരാജ വരെയുള്ളവര്‍. സംസ്‌കൃത പണ്ഡിതനൊന്നുമല്ലെങ്കിലും നല്ല വേദജ്ഞനായിരുന്നു ഇ.എം.എസ്, അദ്ദേഹമതു മാറ്റിപ്പറയുമായിരുന്നെങ്കിലും. അതദ്ദേഹത്തിന്റെ തൊഴിലിന്റെ ഭാഗമായിരുന്നു. തന്റെ ഐഡിയോളജി ഇതല്ല അതാണ് എന്നൊക്കെ അദ്ദേഹം മാറ്റിപ്പറയുമായിരുന്നു. വ്യക്തിപരമായ അഭിപ്രായം പറയുന്നയാള്‍ തന്നെയായിരുന്നു ഇ.എം.എസ്. എന്നാണു തോന്നുന്നത്. 

പക്ഷേ, ഒടുവില്‍ പാര്‍ട്ടിയുടെ അഭിപ്രായം അദ്ദേഹം അംഗീകരിക്കുമായിരുന്നു. അങ്ങനെ സമഷ്ടിയില്‍ വ്യക്തിസത്തയെ ലയിപ്പിക്കുന്നതില്‍ വിശ്വസിച്ചിരുന്നയാളായിരുന്നില്ലേ ഇ.എം.എസ്.?എന്തൊക്കെ പറഞ്ഞാലും താന്‍ ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടാണ് എന്ന ഒരു വിചാരം ഉള്ളില്‍ സൂക്ഷിച്ചിരുന്നയാളാണ്. താനൊരു തമ്പ്രാനാണ്. സായിപ്പ് നാടു ഭരിക്കുന്ന കാലത്ത് അദ്ദേഹം ജയിലിലടക്കപ്പെട്ടിട്ടുണ്ട്. അന്ന അദ്ദേഹത്തിനു ജയിലില്‍ എ ക്‌ളാസ് സൗകര്യം വേണമെന്നതിന് അദ്ദേഹത്തിന്റെ വക്കീല്‍ കാരണമായി പറഞ്ഞതു മാസം അമ്പതിനായിരം ഉറുപ്പിക നികുതിയൊടുക്കുന്ന കുടുംബമാണ് അദ്ദേഹത്തിന്റേതെന്നാണ്. എന്നാല്‍, ഇ.എം.എസ്. പിന്നീടു സാധാരണ രാഷ്ര്ടീയത്തടവുകാരുടെ സൗകര്യമേ പ്രയോജനപ്പെടുത്തിയുള്ളൂവെന്നത് വേറൊരു കാര്യം. പിന്നീടു കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു, അടിയന്തരാവസ്ഥ വന്നു. ഇക്കാലത്തൊന്നും അദ്ദേഹത്തെ പൊലിസ് തൊട്ടിട്ടില്ല. അദ്ദേഹം ഒരു തമ്പ്രാനാണെന്ന വിചാരം സമൂഹത്തിനുമുണ്ടായിരുന്നു എന്നുവേണം വിചാരിക്കാന്‍. എഴുപതുകളില്‍ താങ്കളുടെ എഴുത്തിലെ രാഷ്ര്ടീയം ബോധപൂര്‍വമുണ്ടായതാണോ? എഴുത്തില്‍ ഞാനങ്ങനെ ബോധപൂര്‍വമൊരു രാഷ്ര്ടീയമൊന്നും കൊണ്ടുവരികയുണ്ടായിട്ടില്ല. അന്നത്തെ കാലത്തിന്റെ ഒരു ചിന്ത അതിലുണ്ടാകാം. അത്രതന്നെ. പടിപടിയായി അധ:പതിച്ച ഒരാളുടെ കഥയാണ് അശ്വത്ഥാമാവ്. പേരുകേട്ടാല്‍ത്തന്നെ പ്രതികാരമല്ലേ ഓര്‍മവരിക. ഉന്നതകുലജാതനായി ജനിച്ച്, ക്ഷത്രിയന്റെ വിദ്യ അഭ്യസിച്ച്, കൊല്ലും കൊലയും നടത്തി, ഉറങ്ങിക്കിടക്കുന്നവരെപ്പോലും കൊലപ്പെടുത്തിയ അധമത്വം. ഉറങ്ങിക്കിടക്കുന്ന മൃഗങ്ങളെ നായാട്ടുകാര്‍പോലും കൊല്ലാറില്ല. ഉണര്‍ത്തിയിട്ടേ കൊല്ലാവൂ എന്നാണ്. അശ്വത്ഥാമാവിന് ഈ ബുദ്ധി ഉപദേശിച്ചത് ഒരു മൂങ്ങയാണ്. മൂങ്ങ അങ്ങനെയാണ്. ഉറങ്ങിക്കിടക്കുന്ന മറ്റു പക്ഷികളുടെ കഴുത്തുഞെരിക്കും. ശരിയാണ്. അശ്വത്ഥാമാവ് ചിരഞ്ജീവിയാണ്. ചിരഞ്ജീവിത്വം തന്നെ ശാപമാണ്. മരണമില്ലാ എന്നു വന്നാല്‍ എന്താണ് സ്ഥിതി. അതില്‍പ്പരം ഒരു ശാപമുണ്ടോ? മരണം ഒരനുഗ്രഹമല്ലേ? ഗ്രീക്ക് മിഥോളജിയിലെ ടിത്തനസിനെ ഓര്‍ക്കുന്നില്ലേ..? ആല്‍ഫ്രഡ് ടെന്നിസണിന്റെ കവിതയും?മരണം ഒരനുഗ്രഹമാണ്. ലോകത്തെവിടെയും അങ്ങനെതന്നെയാണ് വിശ്വാസം. ഭാരതീയരും അങ്ങനെതന്നെയാണു വിശ്വസിച്ചിരുന്നത്. നമ്മളുടെ കാര്യം മറ്റുള്ളവര്‍ പറഞ്ഞിട്ടില്ലാ എന്നു മാത്രം. 

എന്തുകൊണ്ടാണ് ഇടതുപക്ഷരാഷ്ര്ടീയം വേണ്ടെന്നു വെയ്ക്കുന്നത്? വേണ്ടെന്നു വെച്ചിട്ടില്ല. അതിലെ താല്പര്യങ്ങള്‍ വേണ്ടെന്നു വെച്ചിട്ടില്ല. എണ്‍പതുകളില്‍ എന്റെ താല്പര്യങ്ങള്‍ക്കു മാറ്റം വന്നിട്ടുണ്ടാകും. ഈയടുത്തകാലം വരെ ബി.ജെ.പിയുടെ കൂടെയായിരുന്നല്ലോ. പ്രദേശത്തെ ഒരു സ്‌കൂള്‍ അടച്ചുപൂട്ടി വില്‍പ്പനക്കു വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്‌സിനെ ശക്തമായി വിമര്‍ശിച്ചതായും ബി.ജെ.പിയുമായുള്ള ആശയപരമായ ബന്ധം ഉപേക്ഷിച്ചതായി പ്രസ്താവിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. സജീവരാഷ്ര്ടീയം ഇപ്പോഴില്ലേ?സജീവരാഷ്ര്ടീയമൊക്കെ ഇല്ലാതായിട്ടു കുറേക്കാലമായില്ലേ. 2001-ല്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പിന്നെ സ്‌കൂള്‍ പ്രശ്‌നം. അതു ഞാന്‍ ബി.ജെ.പിയെ ചീത്ത പറഞ്ഞതൊന്നുമല്ല. ഒരു വ്യക്തിയെ ചീത്തവിളിച്ചതാണ്. ബി.ജെ.പിയുമായി ആശയപരമായി അങ്ങനെയൊരു ബന്ധമൊന്നുമില്ല. ഞാന്‍ ഏതുകാലത്തും അന്നും ഇന്നുമൊക്കെ ഒരു ഹിന്ദു കമ്യൂണിസ്റ്റായിരുന്നു. അതിപ്പോഴുമുണ്ട്.സിനിമയില്‍ എപ്പോഴാണു താല്പര്യം ജനിക്കുന്നത്? സിനിമകള്‍ പതിവായി കാണുന്ന സ്വഭാവം കുട്ടിക്കാലത്തേ ഉണ്ടായിരുന്നോ?സിനിമ കാണുന്ന സ്വഭാവമുണ്ടായിരുന്നില്ല. അടുത്തൊന്നും തിയേറ്ററില്ലായിരുന്നു. തിയേറ്ററില്‍ പോയി അപൂര്‍വമായേ സിനിമ കാണുകയുണ്ടായിട്ടുള്ളൂ. അശ്വത്ഥാമാവാണ് ആദ്യ സിനിമ. ഇനിയും പുതിയ ഒരു സിനിമ വരുന്നുണ്ട്. അശ്വത്ഥാമാവ് വായിച്ചു മോഹനനും കുഞ്ഞുമുഹമ്മദുമൊക്കെ കൂടി വന്നു. സിനിമയാക്കിയാല്‍ കൊള്ളാം എന്ന താല്പര്യം പ്രകടിപ്പിച്ചു. പണം കിട്ടുന്ന കാര്യമല്ലേ? സരസ്വതി മാത്രം പോരാ, മഹാലക്ഷ്മിയും വേണം. 


അശ്വത്ഥാമാവ് കഴിഞ്ഞതിനു ശേഷം ഞാന്‍ കോവിലന്റെ ശിഷ്യനായി മാറി. അദ്ദേഹം എന്നെ പലതരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹവുമായും അദ്ദേഹത്തിന്റെ കുടുംബവുമായിയൊക്കെ നല്ല അടുപ്പമായിരുന്നു. അതിനര്‍ത്ഥം എഴുത്തില്‍ എന്റെ ഗുരുവായിരുന്നു കോവിലന്‍ എന്നൊന്നുമല്ല കേട്ടോ. എന്നാല്‍, കോവിലനെ ഞാന്‍ ഒരു സാഹിത്യാചാര്യനായിത്തന്നെയാണു കണക്കാക്കുന്നത്. മറ്റു സാഹിത്യകാരന്മാരുമായിട്ട് എനിക്കത്ര ബന്ധമൊന്നുമുണ്ടായിരുന്നില്ല. മറ്റു സാഹിത്യകാരന്മാരൊക്കെ എന്നേക്കാള്‍ വലിയ സാഹിത്യകാരന്‍മാരാണെന്ന് എനിക്കു തോന്നേണ്ടേ..? കാണണമെന്നൊക്കെ തോന്നിയിട്ടുള്ള ഒരാള്‍ പത്മനാഭനാണ്. വി.കെ.എന്‍. വലിയ എഴുത്തുകാരനായിരുന്നു. ബഷീറിനെയൊന്നും അത്ര വലിയ എഴുത്തുകാരനായി എനിക്കു തോന്നിയിട്ടില്ല. നല്ല എഴുത്തുകാരനൊക്കെതന്നെ. ജനകീയനായിരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന ഭാഷ സാധാരണക്കാര്‍ക്കു മനസ്‌സിലാകുമായിരുന്നുവെന്നും പറയാം. എന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഏറ്റവും നല്ല കൃതിയെന്നും ബാല്യകാലസഖിയാണ് ഏറ്റവും ബോറ് വര്‍ക്കെന്നും ഞാന്‍ പറയും. അവസാനകാലത്ത് ഒരുപാടു മോശം കൃതികളെഴുതിയിട്ടുണ്ട്. അനുരാഗത്തിന്റെ ദിനങ്ങളൊ ക്കെപ്പോലെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com