ശവപ്പെട്ടി കാണുന്നതിൽ വിദ്വേഷം;  ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കടയുടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി, അയൽവാസി പിടിയിൽ

പെട്രോൾ നിറച്ച നിരവധി കുപ്പികൾ വർഗീസിന്റെ കടയിലേക്കു വലിച്ചെറിഞ്ഞ ശേഷം സെബാസ്റ്റ്യൻ തീപ്പന്തവും അതിലേക്കു വലിച്ചെറിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനനന്തപുരം; ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കടയുടമയെ അയൽവാസി പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവമുണ്ടായത്. അരുവിയോട് കാരമൂല റോഡരികത്ത് വീട്ടിൽ വർഗീസാ(47)ണ്‌ ​ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേ‍ജ്‌ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. 

പതിവായി ശവപ്പെട്ടി കാണുന്നതിലുള്ള വിദ്വേഷമാണ് കൊലപാതക ശ്രമത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി അരുവിയോട് തൈപ്പറമ്പ് വീട്ടിൽ സെബാസ്റ്റ്യനാ(50)ണ്‌ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ഏഴര മണിയോടെ കുന്നത്തുകാൽ അരുവിയോടിനു സമീപത്തായിരുന്നു സംഭവം. പെട്രോൾ നിറച്ച കുപ്പികളും തീപ്പന്തവും പ്രതി വർ​ഗീസിന്റെ കടയിലേെക്കറിയുകയായിരുന്നു. 

രണ്ടു കാലിനും സ്വാധീനമില്ലാത്ത 80 ശതമാനത്തിലേറെ ശാരീരികവൈകല്യമുള്ള വർഗീസ് ആറു വർഷത്തിലേറെയായി അരുവിയോട് പള്ളിവിള റോഡിനരികലായി വീടിനോടു ചേർന്ന കെട്ടിടത്തിൽ ശവപ്പെട്ടിക്കട നടത്തുകയാണ്. കടയിൽ ശവപ്പെട്ടികൾ നിരത്തിവയ്ക്കുന്നതിൽ എതിർവശത്തു താമസിക്കുന്ന സെബാസ്റ്റ്യനും വീട്ടുകാരും എതിർപ്പു പ്രകടിപ്പിച്ചിരുന്നു. പതിവായി ശവപ്പെട്ടി കാണുന്നുവെന്നതാണ് അവരുടെ വിദ്വേഷത്തിനു കാരണം. കൂടാതെ പണിചെയ്യുമ്പോൾ ശബ്ദമുണ്ടാകുന്നതിലും ഇവർക്ക് അലോസരമുണ്ടായിരുന്നു.

ഇതിനെത്തുടർന്ന് വർഗീസിന്റെ കട പൂട്ടിക്കാനായി ഗ്രാമപ്പഞ്ചായത്ത് അധികൃതർക്കും മാരായമുട്ടം പോലീസിനും സെബാസ്റ്റ്യൻ പല തവണ പരാതികൾ നൽകിയിരുന്നു. അധികൃതരെത്തി പരിശോധിച്ചെങ്കിലും നിയമവിരുദ്ധമായിട്ടുള്ള നിർമാണപ്രവർത്തനങ്ങളൊന്നും കണ്ടെത്തിയില്ല. അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ശവപ്പെട്ടികൾ പുറത്തുകാണാത്ത തരത്തിൽ മാസങ്ങൾക്കു മുൻപ്‌ കടയ്ക്കു മുന്നിൽ ടാർപ്പോളിനും സാരിയും കൊണ്ടു മറച്ച്‌ പ്രശ്നം പരിഹരിച്ചിരുന്നു. പിന്നീട് കാര്യങ്ങൾ സമാധാനമായി പോകുന്നതിനിടയിലാണ് ബുധനാഴ്ച രാവിലെ ആക്രമണമുണ്ടായത്.

വീടിന്റെ ടെറസ്സിന്റെ മുകളിൽനിന്ന് പെട്രോൾ നിറച്ച നിരവധി കുപ്പികൾ വർഗീസിന്റെ കടയിലേക്കു വലിച്ചെറിഞ്ഞ ശേഷം സെബാസ്റ്റ്യൻ തീപ്പന്തവും അതിലേക്കു വലിച്ചെറിഞ്ഞു. ഈ സമയം കടയിൽ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വർഗീസ്. കാലുകൾക്കു സ്വാധീനക്കുറവുള്ളതിനാൽ ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല.ദേഹത്തു വീണ പെട്രോളിൽ തീ പടർന്നുപിടിച്ചു. പിന്നീട് കടയിൽനിന്ന് റോഡിലേയ്ക്ക് ഉരുണ്ടു നീങ്ങിയ വർഗീസിന്റെ ശരീരത്തിലെ തീ പരിസരവാസികളെത്തിയാണ് കെടുത്തിയത്. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com