തോട്ടപ്പള്ളി പൊഴി മുറിച്ചു; തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി, കുട്ടനാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2021 09:43 PM  |  

Last Updated: 13th May 2021 09:43 PM  |   A+A-   |  

thanneermukkom-bund

തണ്ണീര്‍മുക്കം ബണ്ട്‌


ആലപ്പുഴ: മഴ ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമയുള്ള മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനുള്ള ജോലികള്‍ തുടങ്ങി.  നിലവില്‍ പൊഴിയിലെ ചാല് കീറുന്ന നടപടികളാണ് പുരോഗമിക്കുന്നത്. കൂടാതെ ഇറിഗേഷന്‍ വകുപ്പിന്റെ നേതത്വത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നു. 90 ഷട്ടറുകളില്‍ 30 എണ്ണം ആണ് ഉയര്‍ത്തിയത്. 

സംസ്ഥാനത്ത് നാളെ അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി,എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ശക്തമാകും. നാളെയോടെ അതിതീവ്രമാകും. ഞായറാഴ്ചയോടെ ന്യൂനമര്‍ദം ടൗടേ ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍ ,കടല്‍പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.