ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് നല്‍കുന്നില്ല; കേന്ദ്രസര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് കേന്ദ്രം നല്‍കുന്നതാണെന്ന് ബിജെപി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു
ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം
ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ പദ്ധതിവഴി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അരിയും ഗോതമ്പും വിതരണം ചെയ്യുന്നുണ്ട്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ അഞ്ചു കിലോ അരിയും അന്ത്യോദയ അന്നയോജന വിഭാഗക്കാര്‍ക്ക് 35 കിലോ അരിയും പ്രതിമാസം അനുവദിക്കാറുണ്ട്. 2020ലെ ലോക്ഡൗണ്‍ സമയത്ത് കുടിയേറ്റ തൊഴിലാളികള്‍ക്കായി അഞ്ചു കിലോ അരിയും ഗോതമ്പും നല്‍കിയിരുന്നു. 

തിരുവനന്തപുരം സ്വദേശി അജയ് എസ് കുമാറിന് വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് നല്‍കുന്നുണ്ട്, എത്ര വിതരണം ചെയ്തു എന്നായിരുന്നു ചോദ്യം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് കേന്ദ്രം നല്‍കുന്നതാണെന്ന് ബിജെപി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഇത് പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരല്ല, സംസ്ഥാനമാണ് സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റേതാണ് കിറ്റെങ്കില്‍ എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com