'കോണ്‍ഗ്രസ് എത്ര മോശം സംസ്‌കാരമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്'; ജോജുവിനെ പിന്തുണച്ച് മന്ത്രി ശിവന്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2021 09:07 PM  |  

Last Updated: 01st November 2021 09:07 PM  |   A+A-   |  

joju-sivankutty

joju-sivankutty


 

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിന് എതിരെ ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തത് ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന് എതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 'കോണ്‍ഗ്രസ് എത്ര മോശം സംസ്‌കാരമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയില്‍ നടന്ന സംഭവങ്ങള്‍. പ്രതിഷേധിക്കാനുള്ള അവകാശം കോണ്‍ഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ ഉള്‍ക്കാമ്പ്.'- ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ജനാധിപത്യത്തില്‍ പ്രക്ഷോഭങ്ങള്‍ക്ക് മുഖ്യമായ സ്ഥാനം ഉണ്ട്. വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് അടിസ്ഥാന വര്‍ഗം അവകാശങ്ങള്‍ നേടിയെടുത്തത്. കോണ്‍ഗ്രസിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അതിനെ ജനാധിപത്യപരമായി ചോദ്യം ചെയ്ത സിനിമാതാരം ജോജു ജോര്‍ജിനെതിരെ അവര്‍ കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേര്‍ന്നതല്ല.- ശിവന്‍കുട്ടി പറഞ്ഞു. 

ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല എന്ന് മാത്രമല്ല കായികമായി നേരിടാനാണ് അവര്‍ ശ്രമിച്ചത്. ജോജുവിന്റെ കാറും കേടുവരുത്തി. ജോജു മദ്യപിച്ചിട്ടുണ്ട് എന്നടക്കമുള്ള നുണകള്‍ ഉന്നയിക്കാനും കോണ്‍ഗ്രസ് തയ്യാറായി. 'ഗുണ്ട' എന്നാണ് കെപിസിസി അധ്യക്ഷന്‍ ജോജുവിനെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് എത്ര മോശം സംസ്‌കാരമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയില്‍ നടന്ന സംഭവങ്ങള്‍. പ്രതിഷേധിക്കാനുള്ള അവകാശം കോണ്‍ഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ ഉള്‍ക്കാമ്പ്.- മന്ത്രി കുറിച്ചു. 

ഇന്ന് രാവിലെയാണ് ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ദേശീയപാത ഉപരോധിച്ച് കൊണ്ടുള്ള കോണ്‍ഗ്രസ് സമരത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദേശീയപാതയില്‍ പാലാരിവട്ടം മുതല്‍ വൈറ്റില വരെ ഗതാഗതകുരുക്ക് രൂക്ഷമായതോടെ പ്രതിഷേധവുമായി ജോജു രംഗത്തെത്തുകയായിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവുമായി വാക്കേറ്റത്തില്‍ കലാശിച്ചു. സംഘര്‍ഷത്തിനിടെ, കാറിന്റെ ചില്ല് തകര്‍ത്തുകയും ജോജുവിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചേര്‍ന്ന് നാണം കെടുത്തുകയാണെന്ന് ജോജു ആരോപിച്ചു. ജോജു മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതായും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

ദേശീയപാത ഉപരോധിച്ച് ഗതാഗത തടസം സൃഷ്ടിച്ചതിനും നടന്‍ ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ത്തതിനും കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം വനിതാപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന പരാതിയില്‍ നിലവില്‍ ജോജുവിനെതിരെ കേസെടുത്തിട്ടില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷം കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടനുമായുള്ള സംഘര്‍ഷത്തിന്റെ വീഡിയോ പരിശോധിക്കുമെന്ന് നേരത്തെ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ അറിയിച്ചിരുന്നു.