ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി; ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ച് അനുപമ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 07:35 PM  |  

Last Updated: 02nd November 2021 07:35 PM  |   A+A-   |  

adoption case

അനുപമ, ടെലിവിഷന്‍ ചിത്രം

 

കൊച്ചി: കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് ഹൈക്കോടതി സൂചന നല്‍കിയിരുന്നു. കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി ആരാഞ്ഞ പശ്ചാത്തലത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 

കുഞ്ഞിനെ ദത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന് ആക്ഷേപമുയര്‍ന്ന കേസില്‍ ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താമെന്ന് കുടുംബ കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോയെന്നു കണ്ടെത്തണമെന്നും തിരുവനന്തപുരം കുടുംബ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു

അനുപമയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച വേളയില്‍ ഈ കേസ് കുടുംബ കോടതിയുടെ പരിഗണനയില്‍ അല്ലേയെന്നാണ് ഹെക്കോടതി ചോദിച്ചത്. ഈ ഹര്‍ജി നിലനില്‍ക്കുമോ?,ഇതില്‍ സത്വരമായി ഇടപെടാന്‍ കാരണം കാണുന്നില്ല. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് സൂചിപ്പിച്ച് ഇതു പിന്നീടു പരിഗണിക്കാനായി ഹൈക്കോടതി മാറ്റുകയായിരുന്നു. 

നിലവില്‍ കുഞ്ഞ് നിയമ വിരുദ്ധ കസ്റ്റഡിയില്‍ ആണെന്നു പറയാനാവില്ലെന്ന് വിലയിരുത്തിയ കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടെന്നും വ്യക്തമാക്കി.